
എറണാകുളം: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിൽ നാളെ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ല. താമസക്കാർക്ക് ഒപ്പമാണ് സർക്കാരെന്നും സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടുമെന്നും മന്ത്രി റോജി എം ജോൺ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി റോജി എം ജോൺ, കുന്നത്ത്നാട് എം എൽ എ സജീന്ദ്രൻ, ജില്ലാ കളക്ടർ, റൂറൽ എസ്പി എന്നിവരുടെ സാന്നിധ്യത്തിൽ കുടിയിറക്ക് ഭീഷണി നേരിടുന്നവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രതികരണം.
മലയിടംതുരുത്തിലെ താമസക്കാർക്ക് ഒപ്പമാണ് സർക്കാർ. നാളെ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ല. കേസ് നടത്തിപ്പിൽ പ്രശ്നം ഉണ്ട്. സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടും. ഹൈകോടതിയെ സമീപിക്കുകയും ചെയ്യും. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സർക്കാർ പൂർണമായി പുനരധിവസിപ്പിക്കും. കുടുംബങ്ങൾ പെരുവഴിയിൽ ആകില്ലെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. നാളെ ഒരു നടപടിയും പൊലീസിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. കമ്മീഷൻ പ്രവർത്തനങ്ങൾ സർക്കാർ നിയന്ത്രണത്തിൽ ഇല്ല. കോടതിയിൽ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം അറിയിച്ചു. പാവങ്ങളെ തെറ്റിധരിപ്പിച്ചു തെരുവിൽ ഇറക്കാൻ സിപിഎം ശ്രമിച്ചു എന്ന് എംഎൽഎ സജീന്ദ്രൻ ആരോപിച്ചു. കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ ഉള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ തൃപ്തി എന്ന് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് വരില്ലെന്ന് ഉറപ്പ് കിട്ടിയെന്നും അവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam