
കണ്ണൂർ: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തള്ളി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഡികെ ശിവകുമാർ പറഞ്ഞതുപോലെ മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി. ക്ഷേത്രങ്ങളും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ഡികെയുടെ ആരോപണം.
അതേ സമയം, കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വിവരം. മൃഗബലി നടന്നെന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന വെളിപ്പെടുത്തലുമായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വവും രംഗത്തെത്തി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ക്ഷേത്രമല്ല. ക്ഷേത്ര പരിസരത്തും മൃഗബലി പൂജകൾ നടന്നിട്ടില്ല. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ടിടികെ ദേവസ്വം ബോർഡ് അംഗം ടിടി മാധവൻ പറഞ്ഞു.
ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പ്രതികരണം. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam