
കോഴിക്കോട്: നിപ ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയില്‍ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായി. നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയ ആളും ഇതില്‍പ്പെടും. അതേസമയം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് തീരുമാനം.
തുടര്‍ച്ചയായി മൂന്നാം ദിവസവും നിപാ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന് പുറമേ ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയില്‍ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായത് ആശ്വാസകരമായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. അവസാനം പോസിറ്റീവായ ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുടെ പരിശോധനാ ഫലമുള്‍പ്പെടെയാണ് നെഗറ്റീവായത്. ഇതുവരെ 197 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 1233 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഇപ്പോഴുള്ളത്.
കേന്ദ്ര സംഘം സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്ര സംഘവുമായി വിശദമായ ചര്‍ച്ച നടത്തി. കേന്ദ്ര സംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ന് മടങ്ങും. പോസിറ്റീവായി ചികിത്സയിലുള്ള നാല് പേരുടേയും നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. നിപാ ആശങ്കയില്‍ അയവ് വന്നിട്ടുണ്ടെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
അതേസമയം നിപാ ഉറവിടം സംബന്ധിച്ച പരിശോധനകള്‍ തുടരുകയാണ്. രോഗം ആദ്യം സ്ഥീരികരിച്ച മരുതോങ്കര സ്വദേശി രോഗബാധിതനാകുന്നതിനു മുമ്പ് വീടിന്‍റെ സമീപ പ്രദേശങ്ങളില്‍ മാത്രമാണ് സഞ്ചരിച്ചതെന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
രോഗബാധിതരുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് പൊലീസിന്‍റെ സഹായം തേടി. കേന്ദ്ര മൃഗസംരക്ഷണ വിദഗ്ധ സംഘവും ഇന്ന് മരുതോങ്കരയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സിയാദില്‍ നിന്നുള്ള സംഘവും കേന്ദ്ര സംഘത്തിനൊപ്പമുണ്ട്. സംഘം പ്രദേശത്ത് നിന്നും വവ്വാലുകളുടെ ഉള്‍പ്പെടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.
നിപ ബാധിച്ചവരുടെ കോണ്‍ടാക്റ്റ് ട്രേസിങ്ങിന് പൊലീസ് സഹായം ലഭിക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസ് ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിച്ചു. ഇടത് സർക്കാരിന്‍റെ ജനകീയ പൊലീസ് നയം കോഴിക്കോട് കണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam