കാണാതായവരുടെ ബന്ധുകളേയും കൂട്ടി കവളപ്പാറയില്‍ രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്തും

By Web TeamFirst Published Aug 26, 2019, 11:31 AM IST
Highlights

ഇനി തെരച്ചില്‍ നടത്തിയിട്ടും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കാണാതായവരുടെ കുടുംബാംഗങ്ങളെ അറിയിച്ചു 
 

മലപ്പുറം: ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ദുരന്തം വിതച്ച കവളപ്പാറയില്‍ ഇനിയും കണ്ടെത്താന്‍ സാധിക്കാത്ത 11 പേര്‍ക്കായി രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്താന്‍ തീരുമാനം. ദിവസങ്ങളോളം തെരച്ചില്‍ നടത്തിയിട്ടും കവളപ്പാറയില്‍ ആരേയും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായി ഇന്ന് കാണാതായാവരുടെ കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തി ഇന്ന് പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് തെരച്ചില്‍ രണ്ട് ദിവസം കൂടി തുടരാനുള്ള തീരുമാനമുണ്ടായത്. 

സാധ്യമായ എല്ലാ രീതിയിലും കവളപ്പാറയില്‍ തെരച്ചില്‍ നടത്തിയെന്നും കാണാതായവരെ ഇനി കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്തണമെന്ന് കാണാതായവരുടെ ബന്ധുക്കള്‍ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. ഇതോടെയാണ് തെരച്ചില്‍ വീണ്ടും നടത്താന്‍ തീരുമാനിച്ചത്. 

കാണാതായവരുടെ ബന്ധുക്കളെ കൂടി പങ്കെടുപ്പിച്ചാവും ഇനിയുള്ള രണ്ട് ദിവസം തെരച്ചില്‍ നടത്തുക. രണ്ട് ദിവസത്തെ തെരച്ചിലിലും ആരേയും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ തെരച്ചില്‍ അവസാനിപ്പിച്ച് കാണാതായവരെ മരിച്ചതായി കണക്കാക്കി ആശ്രിതര്‍ക്ക് മരണസര്‍ട്ടിഫിക്കറ്റും ധനസഹായവും നല്‍കാനും യോഗത്തില്‍ ധാരണയായി. 

click me!