
തിരുവനന്തപുരം: ലൈസൻസില്ലാത്തെ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികൾക്കെതിരായ നടപടി ഉടനില്ല. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടുന്നതിന് മുൻപ് നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചതോടെയാണ് നടപടി നീളുന്നത്. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലായിരുന്നു തീരുമാനം.
സംസ്ഥാനത്താകെ 266 ട്രാവൽ ഏജൻസികൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണക്ക്. മൂന്ന് ദിവസത്തിനകം ലൈസൻസ് ഹാജരാക്കിയില്ലെങ്കിൽ സ്ഥാപനം പൂട്ടുമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ നോട്ടീസ്. എന്നാൽ നോട്ടീസ് നൽകി ഒരാഴ്ച കഴിഞ്ഞിട്ടും പലരും മറുപടി പോലും നൽകിയില്ല. ഇതോടെ ഗതാഗതമന്ത്രി യോഗം വിളിച്ചു. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ശക്തമായ നടപടികളെടുക്കും മുൻപ് നിയമവശങ്ങളെക്കുറിച്ച് വിശദമായ പരിശോധന വേണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ യോഗത്തിൽ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ട്രാവൽ ഏജൻസികൾ കോടതിയെ സമീപിക്കാനിടയുണ്ട്. ഇതോടെയാണ് നിയമ വകുപ്പിനോട് നിയമോപദേശം തേടാമെന്ന് യോഗം തീരുമാനമെടുത്തത്.
ലൈസൻസിനുള്ള നിബന്ധനകൾ കർശനമാക്കിയതിനെതിരെ ട്രാവൽ ഏജന്‍റുമാർ ആരും പരാതിയുമായി മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചിട്ടുമില്ലെന്നും ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു. അതേസമയം പെർമിറ്റ്ചട്ടം ലംഘിച്ച അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്കെതിരായ നടപടി തുടരുകയാണ്.ഇതുവരെ 1133 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. പിഴയിനത്തിൽ 41,84000 രൂപയും ഖജനാവിലേക്കെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam