
തിരുവനന്തപുരം: താല്‍ക്കാലിക നിയനങ്ങളും അനധികൃത നിയമനങ്ങളും പെരുകിയപ്പോള്‍ ഏറ്റവുമധികം അവസരങ്ങള്‍ നഷ്ടമായ ഒരു കൂട്ടം റാങ്ക് ജേതാക്കളുണ്ട് സംസ്ഥാനത്ത്. പി എസ് സിയുടെ ഡ്രൈവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ചെറുപ്പക്കാര്‍ക്കാണ് ഏറ്റവുമധികം അവസരങ്ങള്‍ നഷ്ടമാകുന്നത്. എച്ച് ഡി വി റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയിട്ടും നിയമനത്തിനായി കാത്തിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്.
സ്വകാര്യ വാഹനങ്ങളോടിച്ചും കൂലിപ്പണി ചെയ്തുമെല്ലാം ഉപജീവനം കണ്ടെത്തുന്നതിനിടയിലാണ് ഷാജി പി എസ് സി പരീക്ഷയ്ക്കായി പഠിച്ചത്. പഠിച്ച് പഠിച്ച് റാങ്കും നേടി. സംസ്ഥാന പി എസ് സി നടത്തിയ എച്ച് ഡി വി വേരിയസ് റാങ്ക് ലിസ്റ്റിലെ 36-ാം റാങ്കുകാരനാണ് ഷാജി. ഉറപ്പുള്ളൊരു സര്‍ക്കാര്‍ ജോലി കിട്ടിയെന്ന് വിശ്വസിച്ച് ഷാജി കാത്തിരുന്നെങ്കിലും പി എസ് സിയില്‍ നിന്ന് വിളിയൊന്നും വന്നില്ല. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടിയത് 10 ല്‍ താഴെ ആളുകള്‍ക്ക് മാത്രം. എന്തുകൊണ്ട് ഇങ്ങനെയെന്ന് അന്വേഷിച്ചപ്പോഴാണ് പഠിച്ച് പരീക്ഷയെഴുതി ജയിക്കുന്നവരുടെ വഴി അടയ്ക്കുന്ന പിന്‍വാതില്‍ നിയമനങ്ങളുടെ കണക്ക് പറയുന്നൊരു വിവരാവകാശ രേഖ കിട്ടിയത്.
വിവരാവകാശ രേഖ പുറത്തുവിട്ട കണക്ക് അനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി 233 വാഹനങ്ങളാണ് ഉള്ളത്. ഇതില്‍ 168 ലും വണ്ടിയോടിക്കുന്നത് താല്‍ക്കാലികക്കാരും പിന്‍വാതിലുകാരുമാണ്. അവരങ്ങനെ നില്‍ക്കുമ്പോള്‍ ഷാജിയെ പോലുളള മിടുക്കന്‍മാര്‍ക്ക് എങ്ങനെ ജോലി കിട്ടാനാണ് ചോദ്യം ഉയരുന്നത്. ഇതേ റാങ്ക് ലിസ്റ്റിലെ 43-ാം റാങ്കുകാരന്‍ സുകേഷ് ചുമട്ട് തൊഴിലാളിയായി ജോലി നോക്കുകയാണ്. പറഞ്ഞ് പറ്റിച്ച സര്‍ക്കാര്‍ സംവിധാനങ്ങളോടുളള നിരാശയാണ് ഈ യുവാക്കളുടെ വാക്കുകളില്‍ മുഴുവന്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam