
തൃശ്ശൂർ: സ്വാതന്ത്ര്യദിനത്തിൽ തൃശ്ശൂരിൽ ദേശീയ പതാക ഉയർത്തിയത് പ്രോട്ടോക്കോൾ ലംഘിച്ചാണെന്ന പരാതിയുമായി കോൺഗ്രസ്. മന്ത്രിയും ചീഫ് വിപ്പും ജില്ലയിലുണ്ടായിട്ടും ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ജില്ലാ കളക്ടർ ദേശീയപതാക ഉയർത്തിയതാണ് പരാതിക്ക് കാരണം.
തൃശ്ശൂരിൽ നിന്നുള്ള എംഎൽഎമാർ കൂടിയായ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും ചീഫ് വിപ്പ് കെ രാജനും സ്ഥലത്തുണ്ടായിട്ടും ജില്ലാ കളക്ടർ എസ് ഷാനവാസാണ് പരേഡിന് പതാക ഉയർത്തിയത്. സ്ഥലത്തുണ്ടായിരുന്നുവെങ്കിലും മന്ത്രിയും ചീഫ് വിപ്പും സ്വാതന്ത്ര്യദിന പരിപാടിക്ക് എത്തിയതുമില്ല.
മന്ത്രിമാർ ഉണ്ടായിരിക്കെ തൃശൂരിൽ കളക്ടറെ കൊണ്ട് പതാക ഉയർത്തിയത് ജനാധിപത്യ ധ്വംസനമാണെന്ന് തൃശ്ശൂർ എംപി ടി എൻ പ്രതാപൻ ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും മുഖ്യമന്ത്രിയുടെ ജനാധിപത്യ വിരുദ്ധതക്ക് ഉദാഹരണമാണ് ഈ സംഭവമെന്നും ടി എൻ പ്രതാപൻ ആരോപിച്ചു.
ഇക്കാര്യത്തിൽ രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും കാബിനറ്റിലുള്ളവരെ പോലും മുഖ്യന് വിശ്വാസമില്ലെന്നും ടിഎൻ പ്രതാപൻ കുറ്റപ്പെടുത്തി. പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടേയും ചീഫ് വിപ്പിൻ്റേയും നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam