
ദില്ലി: കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക്സഭയിൽ ബെന്നി ബഹന്നാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷൻ റെഡ്ഡിയാണ് അറിയിച്ചത്.
കേരളത്തിൽ ലൗ ജിഹാദില്ലെന്ന് കേരള സംസ്ഥാന സർക്കാരും ഹൈക്കോടതിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സിറോ മലബാർ സഭ ലൗ ജിഹാദ് ഉണ്ടെന്ന് നിലപാടെടുത്തതോടെയാണ് ഇത് വീണ്ടും ഉയർന്നുവന്നത്.
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എംപി ചോദ്യം ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിലും അന്വേഷണത്തിലും കേരളത്തിൽ ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് വിശദീകരണം.
കേരളത്തിൽ രണ്ട് മത വിഭാഗക്കാർ തമ്മിൽ വിവാഹം നടന്നിട്ടുണ്ടെന്നും എന്നാൽ എൻഐഐ അടക്കം അന്വേഷിച്ചിട്ടും ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സര്‍ക്കാരിന്‍റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലവ് ജിഹാദ് പോലെയുള്ള സംഭവങ്ങള്‍ നിയമപരമായി നേരിടാന്‍ കഴിയില്ലെന്ന് മനസിലായിട്ടുള്ള കാര്യമാണ്. രാഷ്ട്രീയ രംഗത്തുള്ളവരുടെ നിലപാടുകൊണ്ടാണ് അതിനുള്ള വ്യവസ്ഥകള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ അനുഭവതലത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam