അടിമലത്തുറയിലെ തീരം പുറമ്പോക്ക് വിദേശത്തുള്ളവർക്കും സ്വന്തമാക്കാം, ചർച്ചയ്ക്ക് വിളിച്ച് ലത്തീൻ സഭ

By Web TeamFirst Published Feb 4, 2020, 11:01 AM IST
Highlights

പാരിഷ് കമ്മിറ്റി ഭാരവാഹി ഫെർണാണ്ടസുമായാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം സംസാരിച്ചത്. പ്രവാസി സുഹൃത്തിന് അവിടെ ഹോട്ടൽ തുടങ്ങുകയാണ് ലക്ഷ്യം എന്നറിയിച്ചു

തിരുവനന്തപുരം: അടിമലത്തുറയിൽ തീരം പുറമ്പോക്ക് ഭൂമി വിദേശത്തുള്ളവർക്ക് പോലും വിൽക്കാൻ ലത്തീൻ സഭ തയ്യാറായി. ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പ്രവാസിയായ സുഹൃത്തിന് ഭൂമി സ്വന്തമാക്കാൻ എന്ന വ്യാജേന പള്ളിക്കമ്മിറ്റിയുമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

പാരിഷ് കമ്മിറ്റി ഭാരവാഹി ഫെർണാണ്ടസുമായാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം സംസാരിച്ചത്. പ്രവാസി സുഹൃത്തിന് അവിടെ ഹോട്ടൽ തുടങ്ങുകയാണ് ലക്ഷ്യം എന്നറിയിച്ചു. ഫോണിൽ സംസാരിക്കാൻ സാധിക്കില്ലെന്ന് അറിയിച്ച ഫെർണാണ്ടസ്, സമയമുണ്ടെന്നും നേരിട്ട് സംസാരിക്കാമെന്നും അറിയിക്കുകയായിരുന്നു.

"

മാഞ്ചസ്റ്ററിൽ നിന്നും വന്നാൽ ഒരു ചെറിയ റസ്റ്റോറന്‍റ് ആണ് പുള്ളി ആലോചിക്കുന്നത്. ഇപ്പോൾ ഭൂമി ഉണ്ടോ അവിടെ? എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. "എനിക്ക് ഇപ്പോൾ ഈ കാര്യങ്ങൾ ഫോണിൽ കൂടി സംസാരിക്കാൻ പറ്റില്ലെ"ന്നായിരുന്നു പള്ളി ഭാരവാഹിയുടെ മറുപടി. "ഇടവക അംഗങ്ങൾക്ക് മാത്രമാണോ കൊടുക്കുന്നത്.പുറത്തുള്ളവർക്ക് കൊടുക്കുമോ?" എന്ന ചോദ്യത്തിന് പുള്ളി ഒരാഴ്ചക്കുള്ളിൽ വരുമല്ലൊ എന്നും പള്ളി ഭാരവാഹി മറുപടി പറഞ്ഞു. 

പ്രവാസി സുഹൃത്തിന്റെ ബന്ധുവിന് ഭൂമി കിട്ടിയെന്നും മൂന്ന് സെന്‍റിന് ഒരു ലക്ഷം കൊടുത്തപ്പോൾ പള്ളി സ്ഥലം അനുവദിച്ചുവെന്നും അറിയിച്ചപ്പോൾ, 'പുള്ളി വരട്ടെ സമയമുണ്ട്' എന്നും 'സംസാരിച്ചിട്ട് നമുക്ക് കാര്യങ്ങൾ ചെയ്യാം,' എന്നും പള്ളിക്കമ്മിറ്റി ഭാരവാഹി മറുപടി പറഞ്ഞു.

പള്ളികമ്മിറ്റി അളന്ന് തിരിച്ച് നൽകിയ ഭൂമിയിൽ വീടുവച്ചവർക്ക് ഇതുവരെ വെള്ളവും വൈദ്യുതിയും ലഭിച്ചിട്ടില്ല. അനധികൃത നിർമ്മാണമായതാണ് കാരണം. എന്നിട്ടും മത്സ്യത്തൊഴിലാളികളുടെ തെറ്റിദ്ധാരണ മാറിയിട്ടില്ല. സ്ഥലം പള്ളിയുടേതാണെന്നും സർക്കാരിന്റേതല്ലെന്നും ഇവിടെ കുരിശു വച്ചിട്ടുണ്ടെന്നും ഒരു ഇടവകാംഗമായ ആന്റണി ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് പറഞ്ഞു.

ഈ വിശ്വാസം മുതലെടുത്താണ് പ്രദേശത്ത് ലത്തീൻ സഭ ഭൂമി കച്ചവടം നടത്തുന്നത്. സ്വയം അധികാരം സ്ഥാപിച്ച് വിൽപന നടത്തിയ തീര ഭൂമിക്ക് പട്ടയം സ്വന്തമാക്കാൻ പള്ളിക്കമ്മിറ്റി സർക്കാരിന് നൽകിയ കത്തിൽ, 192 കൂടുംബങ്ങൾക്ക് ഭൂമി നൽകിയെന്ന് പള്ളിക്കമ്മിറ്റി തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ചുരുങ്ങിയത് 1.75 കോടി രൂപ ഈ ഭൂമിക്കച്ചവടം വഴി പള്ളിക്കമ്മിറ്റിയിലേക്ക് എത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

click me!