
തിരുവനന്തപുരം: ഒന്നേകാല്‍ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം(bus wasing machine) വാങ്ങുന്നതിനെതിരായി ഉയര്‍ന്ന ആരോപണങ്ങൾ തള്ളി കെഎസ്ആര്‍ടിസി (ksrtc)മാനേജ്മെന്റ്. ശമ്പളത്തിനോ നിത്യ ചെലവുകൾക്കോ മാറ്റിവച്ച തുകയല്ലെന്നാണ് വിശദീകരണം. വാഷിംഗ് യൂണിറ്റ് വാങ്ങുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ജീവനക്കാരിൽ നിന്ന് ഉയര്‍ന്നിരുന്നത്.
കഴിഞ്ഞ മാസത്തെ ശമ്പളം എന്നുകിട്ടുമെന്ന് വ്യവസ്ഥയില്ലാത്ത സ്ഥാനപത്തിൽ ബസ് കഴുകുന്ന യന്ത്രം വാങ്ങാൻ ഒന്നേകാൽ കോടി ചെലവിടുന്നതിനായിരുന്നു വിമര്‍ശനമത്രയും. എന്നാൽ മാനേജ്മെന്റിന് ഇക്കാര്യത്തിലുളളത് വ്യത്യസ്ത വാദമാണ്. നിലവിൽ 425 വാർഷർമാർ ബസ് ഒന്നിന് 25 രൂപ നിരക്കിലാണ് പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്. അതൊട്ട് കാര്യക്ഷമവുമല്ല. ഈ സാഹചര്യത്തിലാണ് യന്ത്രം വാങ്ങാൻ തീരുമാനിച്ചത്.
ശമ്പളത്തിനോ നിത്യചെലവിനോ മാറ്റി വച്ച തുകയല്ല. വര്‍ക് ഷോപ്പ് നവീകരണത്തിന് വര്‍ഷം തോറും കിട്ടുന്ന മുപ്പത് കോടിയിൽ നിന്നാണ് ചെലവ്. അതാകട്ടെ മറ്റൊന്നിനും വകമാറ്റാനും ആകില്ല. അടുത്തിടെ നിരത്തിലിറങ്ങിയ സ്വിഫ്റ്റ് ബസ്സുകളടക്കം വൃത്തിഹീനമായി കിടക്കുന്നു എന്ന് വ്യാപക പരാതിയുണ്ട്. പുതിയ യന്ത്രമാണെങ്കിൽ മാസം തോറും 3000 ബസ്സുകൾ വരെ കഴുകി വൃത്തിയാക്കാം. ഒരു ബസ് കഴുകാൻ 200 ലിറ്റർ വരെ വെള്ളം മതി.
വിവിധ തലത്തിലുള്ള 4300 ഓളം ബസുകളാണ് വൃത്തിയാക്കാനുള്ളത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിലാവും യന്ത്രം സ്ഥാപിക്കുക. തൽപര്യം അറിയിച്ചെത്തിയ കന്പനികളോട് ഉടൻ ടെൻഡർ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് വർഷക്കാലം യന്ത്രത്തിന്റെ പരിപാലച്ചെലവും കരാർ ലഭിക്കുന്ന കന്പനി വഹിക്കണം. കഴുകാനുള്ള വെള്ളവും രാസ വസ്തുക്കളും കെഎസ്ആർടിസി നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam