Latest Videos

പേര് ചേർത്തില്ലേ, ഇനി ദിവസങ്ങളില്ല! വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസാന അവസരം, അപേക്ഷിക്കൻ 3 ദിവസം മാത്രം

By Prabeesh bhaskarFirst Published Mar 22, 2024, 8:25 PM IST
Highlights
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. 

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇനി മൂന്ന്  നാൾകൂടി (മാര്‍ച്ച് 25, തിങ്കളാഴ്ച വരെ ) അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. 

18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in ല്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍.

ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എന്‍ട്രികള്‍ പൂരിപ്പിക്കാന്‍ കഴിയും. ന്യൂ രജിസ്ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം തുടങ്ങിയ  വിവരങ്ങള്‍ നല്‍കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. 

ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ്  രേഖകള്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും.ഇതിനകം അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓൺലൈൻ ആയോ അതത് താലൂക്ക് ഓഫിസുകളിലെ  ഇലക്ഷൻ വിഭാഗം , ബി എൽ ഓ എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.

ആദ്യ തവണ ആധാ‍ർ, പിന്നെ പാസ്പോർട്ട്; വിദ​ഗ്ധമായി 3 വോട്ടർ ഐഡി ഉണ്ടാക്കി, ബേപ്പൂരിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!