
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയും നടത്തുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത പൂർണ്ണമായും ഉറപ്പുവരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഓണ വിപണിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലെ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്കുള്ള രണ്ട് കെഎസ്ആർടിസി ലോഫ്ലോർ എ സി ബസ്സുകളുടെ ഫ്ലാഗ് ഓഫ് കർമ്മം വൈറ്റില ഹബ്ബിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വൈറ്റില ഹബ്ബിൽ നിന്ന് കലൂരിൽ നടക്കുന്ന സപ്ലൈകോ ട്രേഡ് ഫെയറിലേക്ക് പൊതുജനങ്ങൾക്ക് സൗജന്യമായി യാത്ര ചെയ്യാനായി കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ചാണ് ഈ പ്രത്യേക ബസ് സർവീസ് ഒരുക്കിയിരിക്കുന്നത്. കലൂർ ട്രേഡ് ഫെയറിലേക്ക് ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധനങ്ങൾ വാങ്ങി തിരികെ വരാനും ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളുടെയും ലഭ്യത വിപണിയിൽ ഉറപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റിൽ തന്നെ ലഭ്യമാക്കി 1,65,000 മെട്രിക് ടൺ അരി പൊതുവിപണിയിൽ എത്തിക്കാൻ സാധിച്ചത് ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, എ.എ.വൈ വിഭാഗങ്ങൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 90 ശതമാനത്തോളം പൂർത്തിയായതായും ഉത്രാടം നാൾ വരെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെയും ഔട്ട്‌ലെറ്റുകളിലൂടെയും ജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാർ ഒരുക്കിയിരിക്കുന്ന ഈ യാത്രാസൗകര്യവും ട്രേഡ് ഫെയറുകളും പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സപ്ലൈകോ എംഡി ജയകൃഷ്ണൻ വി എം, ജനറൽ മാനേജർ ബിജു എം യു, അഡീഷണൽ ജനറൽ മാനേജർ ദീപു എം ആർ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ വി പി ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam