ശബരിമല തീർത്ഥാടനകാലത്ത് പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി എഡിഎം ഉത്തരവിറക്കി.

ശബരിമല: പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം.പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ വരെ പിഴ. പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി.ശബരിമല എഡിഎം ആണ് ഉത്തരവ് പുറത്തിറക്കിയത്.ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വസ്ത്രം ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.ദിവസവും ടൺ കണക്കിന് വസ്ത്രങ്ങളാണ് പമ്പയിൽ നിന്ന് നീക്കേണ്ടി വരുന്നത്.പമ്പാ ഡ്യൂട്ടി രജിസ്ട്രേറ്റ്, സ്പെഷ്യൽ ഓഫീസർ, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പിഴ ഈടാക്കാൻ അധികാരം.പമ്പയിൽ പരിശോധന ശക്തിപ്പെടുത്തും.നവംബർ 22 മുതൽ രണ്ടു മാസത്തേക്കാണ് നിരോധന ഉത്തരവ്.മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പ നദിയിലെയും സ്നാന ഘട്ടങ്ങളിലെയും മലിനീകരണം തടയുന്നത് ലക്ഷ്യമിട്ടാണ് ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കരയുടെ ഉത്തരവ്.

പമ്പയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ മറ്റ് വ്യക്തിഗത വസ്തുക്കളോ ഉപേക്ഷിക്കാനോ തള്ളാനോ പാടില്ല. നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കർശനമായി നിരോധിച്ചു. ബി.എൻ.എസ്.എസ് സെക്ഷൻ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമാണ് ഉത്തരവ് ലംഘിച്ച് നദി മലിനമാക്കുന്നവരിൽ നിന്നും മാലിന്യങ്ങൾ തള്ളുന്നവരിൽ നിന്നും 5,000 രൂപ വരെ തത്സമയ പിഴ ഈടാക്കുക. 15 ദിവസത്തിനകം പിഴയൊടുക്കാത്തപക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പ നദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയും മുൻനിർത്തിയാണ് നടപടി.

​ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിനും നദീതീരങ്ങളിലും സ്നാനഘട്ടങ്ങളിലും പരിശോധന നടത്തി നിയമലംഘകരിൽ നിന്നും പിഴ ഈടാക്കുന്നതിനുമായി പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ അധികാരപ്പെടുത്തി. ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ ഉൾപ്പെടുത്താനും തുക പൂർണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്കരണ, നദീശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം