നിപ വൈറസ്: സ്കൂളുകള്‍ തുറക്കുന്നത് നീട്ടി വയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Jun 3, 2019, 6:20 PM IST
Highlights

അപകടകരമായ സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി 

കൊച്ചി: കൊച്ചിയില്‍ നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി വയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ വ്യക്തമാക്കി. നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. 

നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി വയ്ക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. സ്കൂള്‍ അടച്ചിടുന്ന വിധം അപകടകരമായ ഒരു സാഹചര്യം ഇപ്പോള്‍ ഇല്ല. എന്തായാലും ഒന്നോ രണ്ടോ ദിവസം കൂടി നോക്കിയ ശേഷം വേണമെങ്കില്‍ ഇതേക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. 

നിപ വൈറസ് ബാധ ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍  4 മുതല്‍ 14 ദിവസം വരെ  സമയം കൊണ്ട് അത് പ്രകടമാവും അതിനാല്‍ ഈ ഒരു സമയത്തെയാണ് ഇന്‍ക്യൂബേഷന്‍ പിരീയഡായി കണക്കാക്കുന്നത്. മുന്‍കരുതലെന്ന നിലയില്‍  അതിലും ഇരട്ടി ദിവസങ്ങള്‍ കാത്തിരുന്ന ശേഷമേ വൈറസ് ബാധ മാറിയതായി ഉറപ്പിക്കുന്നുള്ളൂവെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

കൊച്ചിയില്‍ ചികിത്സയില്‍ ഉള്ള യുവാവിന്‍റെ രക്തപരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് പ്രതിരോധ നടപടികള്‍ ആരംഭിച്ചത്. ഇത്തരം കാര്യങ്ങള്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവേണ്ടത്. പൂണൈയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നാണ്. അതിനായാണ് ഇപ്പോള്‍ കാത്തിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 
 

click me!