
തിരുവനന്തപുരം : സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് പറഞ്ഞത് സിപിഎമ്മിന്റെ കണ്ണൂർ രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അദ്ദേഹം പറഞ്ഞ വാക്കുകൾ ഇടത് മുന്നണിയുടേയോ സിപിഎമ്മിന്റെയോ നിലപാടനുസരിച്ചല്ല. കണ്ണൂർ പാര്‍ട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മന്ത്രിസ്ഥാനം രാജി വെച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി. സജി ചെറിയാൻ സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടില്ല. എന്നാൽ തന്റെപരാമർശത്തിൽ ഉറച്ച് നിൽക്കുന്ന രീതിയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
പരാമര്‍ശം വിവാദമായതോടെ സജി ചെറിയാൻ ഇന്നലെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ എംഎൽഎ സ്ഥാനം രാജിവെച്ചിട്ടില്ല. അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ കഴിയുമോ എന്നതിൽ നിയമ വിദഗ്ദര്‍ക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഭരണഘടനയെ അവഹേളിക്കുകയും അത് തിരുത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനത്തിനും ഭീഷണി ആണെന്നും ഒരു വിഭാഗം പറയുന്നു. ഗവർണ്ണർ നിയമിക്കുന്ന മന്തി എന്ന നിലക്ക് പകരം ജനം തെരഞ്ഞെടുത്ത എം എൽ എ ആയതിനാൽ രാജി വേണ്ട എന്ന അഭിപ്രായങ്ങളും ഉണ്ട്.
'സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജി വെക്കണം', ആവര്‍ത്തിച്ച് വിഡി സതീശൻ
'സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജി വെക്കണം', ആവര്‍ത്തിച്ച് വിഡി സതീശൻ
തിരുവനന്തപുരം : മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാൻ, എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സജി ചെറിയാന്റെ പ്രസംഗത്തിൽ പാർട്ടിയുടെ നിലപാട് സിപിഎം വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വിശദീകരിക്കണം. സജി ചെറിയാന്റെ രാജി ധാർമ്മികത ഉയർത്തിപ്പിടിച്ചല്ല. ഗുരുതരമായ കുറ്റമാണെന്നും നിയമപരമായി രാജി വയ്ക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിര വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയതിന് ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന നിലപാട് രണ്ട് നീതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യത്തിൽ നിയമപരമായ വഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.