
കോർപ്പറേഷനെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ ആവുന്ന വഴികളെല്ലാം പരീക്ഷിക്കുകയാണ് കെ എസ് ആർ ടി സി. ഇപ്പോഴിതാ നാലമ്പല തീർത്ഥാടന യാത്രയാണ് കണ്ണൂർ കെ എസ് ആർ ടി സി ഏറ്റവും പുതിയതായി ആവിഷ്കരിക്കുന്നത്. അറുപതിലധികം വിനോദ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് കണ്ണൂർ കെ എസ് ആർ ടി സി തീർത്ഥാടന യാത്ര ഏറ്റെടുക്കാനൊരുങ്ങുന്നത്. രാമായണ മാസമായ കർക്കിടകത്തിൽ തീർഥാടകർക്കായി നാലമ്പല യാത്ര സംഘടിപ്പിക്കും.
ജൂലൈ 16 മുതൽ ആഗസ്ത് 17 വരെ സൂപ്പർ ഡീലക്സ് എയർ ബസിലാണ് യാത്ര. നാലമ്പലങ്ങളായ തൃപ്രയാർ, ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവ സന്ദർശിക്കും. കുറഞ്ഞ ചെലവിൽ കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിൽ നിന്നുമാണ് സർവീസ്. തീർഥാടകർക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു. റസിഡൻഷ്യൽ ഗ്രൂപ്പുകൾക്കും സാമൂഹിക കൂട്ടായ്മകൾക്കും പ്രത്യേക ബുക്കിങ് സൗകര്യം ലഭിക്കും.
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പർ: കണ്ണൂർ-9496131288, 8089463675, 9048298740, പയ്യന്നൂർ- 9745534123, 8075823384
കെ എസ് ആർ ടി സിയുടെ ഉല്ലാസയാത്രാ പാക്കേജ്
ചുരുങ്ങിയ ചെലവില്‍ കേരളത്തിലെ ടൂറിസം പോയിന്റുകളിലൂടെ വിനോദയാത്ര സാധ്യമാക്കുകയാണ് കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ ലക്ഷ്യം. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളിൽ അന്‍പതിലധികം ട്രിപ്പുകൾ കണ്ണൂര്‍ ബി ടി സി നടത്തി. 33 വയനാട് ട്രിപ്പുകള്‍, 15 ഓളം മൂന്നാര്‍ ട്രിപ്പുകള്‍ കൂടാതെ ആഡംബരക്കപ്പലിലേക്കും,വാഗമണ്‍, ആലപ്പുഴ ട്രിപ്പുകളും ആഘോഷമാക്കി പോയി വന്നു കഴിഞ്ഞു.
മലയോര ടൂറിസം പോയിന്റുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിനോദ യാത്രയും നടക്കുന്നുണ്ട്. കണ്ണൂര്‍ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംത്തട്ട് എന്നിവിടങ്ങളിലേക്ക് യാത്ര നടത്തിയിരുന്നു. കണ്ണൂര്‍ ഡി ടി ഒ മനോജ്, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ സജിത്ത് സദാനന്ദന്‍, ടൂര്‍ കോഡിനേറ്റര്‍ ഇന്‍സ്‌പെക്ടര്‍ കെ ജെ റോയി, തന്‍സീര്‍ കെ ആര്‍, പ്രകാശന്‍ എം എന്നിവരാണ് കണ്ണൂര്‍ കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്.
കടക്കെണിയില്‍ നിന്നും കോര്‍പ്പറേഷനെ കരകയറ്റുന്നതിനൊപ്പം ചെലവു കുറഞ്ഞ ടൂറിസം പോയിന്റുകള്‍ പരിചയപ്പെടുത്താനും സെല്ലിന് സാധ്യമാകുന്നുണ്ട്.
ബുക്കിംഗിനും മറ്റും വിളിക്കേണ്ട നമ്പർ.9605372288, 8089463675, 9074165915
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam