ആർക്കും നിപയില്ല: തീവ്ര നിരീക്ഷണത്തിലുള്ള 52 പേർക്കും രോഗലക്ഷണമില്ല

Published : Jun 09, 2019, 08:18 PM ISTUpdated : Jun 10, 2019, 08:28 AM IST
ആർക്കും നിപയില്ല: തീവ്ര നിരീക്ഷണത്തിലുള്ള 52 പേർക്കും രോഗലക്ഷണമില്ല

Synopsis

നിപ ഭീതി ഒഴിയുകയാണ്. പുതിയൊരു രോഗി റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാധ്യതയില്ലെന്ന സൂചനയാണ് വരുന്നത്. ഐസൊലേഷൻ വാർഡിലെ ആർക്കും നിപയില്ല. രോഗിയുമായി അടുത്ത ബന്ധം പുല‍ർത്തിയ 52 പേർക്കും രോഗലക്ഷണങ്ങളുമില്ല. 

കൊച്ചി: നിപ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന 52 പേർക്ക് നിപ ലക്ഷണങ്ങളില്ലെന്ന് ജില്ലാ കളക്ടർ. ഐസൊലേഷൻ വാർഡിലേക്ക് പനിയും ചില രോഗലക്ഷണങ്ങളുമായി ഇന്നലെ എത്തിയ രോഗിക്കും നിപയില്ലെന്ന് പരിശോധനാ ഫലം ലഭിച്ചു. ഇതോടെ ഐസൊലേഷൻ വാർഡിൽ ഇപ്പോഴുള്ള ഏഴ് പേർക്കും നിപയില്ലെന്ന് വ്യക്തമായി. 

നിപ രോഗലക്ഷണങ്ങളുമായി ഇന്നലെ വരെ ഐസൊലേഷൻ വാർഡിലുണ്ടായിരുന്നത് 11 പേരാണ്. ഇന്നലെ അസുഖം ഭേദമായതിനെത്തുടർന്ന് ഐസൊലേഷൻ വാർഡിൽ നിന്ന് അഞ്ച് പേരെ ഡിസ്‍ചാർജ് ചെയ്തിരുന്നു. ഇതോടെ ഐസൊലേഷനിലുള്ളവരുടെ എണ്ണം ആറായി. ഇവർക്കും നിപയില്ലെന്ന് വ്യക്തമായെങ്കിലും നിരീക്ഷണത്തിൽ തുടരുകയായിരുന്നു. എന്നാൽ ഇന്ന് രോഗലക്ഷണങ്ങളുമായി ഒരാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഈ രോഗിക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതോടെ, ഇതുവരെയുള്ള ദിവസങ്ങളിലായി ഐസൊലേഷൻ വാർഡിൽ ചികിത്സിച്ച 12 പേർക്കും രോഗബാധയില്ലെന്ന് വ്യക്തമായി. ഇതോടെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. 

രോഗിയുമായി ബന്ധം പുലർത്തി 14 ദിവസത്തിനകമാണ് നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുക. തീവ്രനിരീക്ഷണത്തിലുള്ള 52 പേർക്ക് രോഗലക്ഷണങ്ങളൊന്നും ഇതുവരെയില്ലെങ്കിലും ആരോഗ്യവകുപ്പ് നിരീക്ഷണം തുടരും. ഇവരുടെ ആരോഗ്യവിവരങ്ങൾ കൃത്യമായി വിലയിരുത്തും. 

രോഗിയുടെ ഒരു സാംപിൾ മാത്രം പോസിറ്റീവ്

നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു. മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ലാബില്‍ നടത്തിയ രണ്ടാംഘട്ട സാമ്പിള്‍ പരിശോധനയുടെ ഫലം കൂടുതല്‍ സ്ഥിരീകരണത്തിനായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ ഇന്നലെ അയച്ചിരുന്നു. ഇതിന്‍റെ ഫലം ഇന്ന് ഫലം ലഭിച്ചു. മൂന്നു സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും രണ്ടെണ്ണം നെഗറ്റീവുമാണ്. 

327 പേരാണ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. ഇതില്‍ മുഴുവന്‍ പേരെയും ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുക്കുകയും വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തു. ഇതിൽ അതീവ ഗുരുതര വിഭാഗത്തിലുള്ള 52 പേര്‍ക്കാണ് നിപ ലക്ഷണങ്ങളില്ലെന്ന് വ്യക്തമായിരിക്കുന്നത്. 275 പേര്‍ ഗുരുതര വിഭാഗത്തിലുള്ളവരാണ്. 

അതേ സമയം, മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേര്‍ന്ന് വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകളില്‍ പരിശോധന നടത്തി. മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാ മൃഗാശുപത്രികളിലും ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നുണ്ട്. 

പന്നി വളര്‍ത്തുന്ന വീടുകളിലും പന്നി ഫാമുകളിലും നിരീക്ഷണം നടത്താനും അസ്വാഭാവിക രോഗങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. 

വാർത്താചിത്രം: റോണി ജോസഫ്, ക്യാമറാമാൻ, തൊടുപുഴ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
സ്വപ്ന പദ്ധതി തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി; നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും ഇല്ല, വയനാട് തുരങ്കപാത നിർമാണം തുടരാം