നിപ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ സഹപാഠികൾക്ക് രോഗലക്ഷണമില്ല

By Web TeamFirst Published Jun 4, 2019, 1:00 PM IST
Highlights

കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾ നിപ ബാധിതനായ വിദ്യാർത്ഥിയുടെ സുഹൃത്താണ്. മറ്റ് സഹപാഠികൾ നിരീക്ഷണത്തിലാണ്. എന്നാൽ ഇവരിൽ ആർക്കും ഇപ്പോൾ രോഗലക്ഷണങ്ങൾ ഇല്ല. 

ഇടുക്കി: നിപ ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിയെ കൂടാതെ നാലുപേരാണ് നിപ ലക്ഷണങ്ങളോടെ ഇപ്പോൾ ചികിത്സയിലുള്ളത്. നിപ ബാധിതനായ വിദ്യാർത്ഥിയെ ആദ്യ ഘട്ടത്തിൽ ചികിത്സിച്ച ആശുപത്രിയിലെ രണ്ട് നഴ്സുമാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു രണ്ടുപേർ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാൾ വിദ്യാർത്ഥിയുടെ സുഹൃത്താണ്. പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു സ്ത്രീയാണ് രണ്ടാമത്തെയാൾ. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അടക്കം ഇവരുടെ രക്തസാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇവർ നാലുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. എന്നാൽ വിദ്യാർത്ഥിയുടെ മറ്റ് സഹപാഠികൾക്ക് ആർക്കും രോഗലക്ഷണങ്ങൾ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജ കൊച്ചിയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.

തൃശ്ശൂരിലെ പരിശീലന കേന്ദ്രത്തിൽ നിപ ബാധിതനായ വിദ്യാർത്ഥിക്കൊപ്പം പരിശീലനം നേടുകയും ഒപ്പം താമസിക്കുകയും ചെയ്ത മൂന്ന് വിദ്യാർത്ഥികൾ കൊല്ലത്ത് നിരീക്ഷണത്തിലാണ്. ഇവർക്ക് ആർക്കും രോഗലക്ഷണങ്ങളില്ല. ഓരോ മണിക്കൂർ ഇടവിട്ട് ഇവരുടെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഇവർ കാണിക്കുകയാണെങ്കിൽ പ്രവേശിപ്പിക്കാൻ കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലുമടക്കം ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. സമീപത്തുള്ള മറ്റ് ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു. കൊല്ലത്തെ വിവിധ ആശുപത്രികളിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള പരിശീലനം തുടങ്ങി. മരുന്നുകളും നിപ പ്രതിരോധ വസ്ത്രങ്ങളും കൊല്ലത്തെ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്.

മെയ് 16ന് നിപ ബാധിതനായ വിദ്യാർത്ഥി പരീക്ഷ എഴുതാൻ തൊടുപുഴയിൽ എത്തിയിരുന്നു. എന്നാൽ ഇടുക്കിയിൽ ആരും നിരീക്ഷണത്തിൽ ഇല്ല. ഒരു ദിവസം മാത്രം വിദ്യാർത്ഥി ഇടുക്കിയിൽ ആയിരുന്നതിനാൽ നിപയുടെ പ്രഭവകേന്ദ്രം തൊടുപുഴയാണെന്ന് പറയാനാകില്ലെന്ന് ഇടുക്കി ഡിഎംഒ എൻ പ്രിയ പറഞ്ഞു. ആരെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ പ്രവേശിപ്പിക്കാനായി ഇടുക്കിയിലും തൊടുപുഴയിലുമായി രണ്ട് ആശുപത്രികളിൽ ഐസോലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്.

click me!