അച്ഛനും മകളും ആക്രമിക്കപ്പെട്ടിട്ട് 6 നാൾ, പ്രതികളെവിടെ; ഇരുട്ടിൽ തപ്പി പൊലീസ്, അറസ്റ്റ് വൈകുന്നതെന്തുകൊണ്ട്?

By Web TeamFirst Published Sep 25, 2022, 12:41 AM IST
Highlights

മ‍ർദ്ദനമേറ്റ കുടുംബത്തിന്‍റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവ‍ർ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആ‌ർ ടി സി ഡിപ്പോയിൽ അച്ഛനെയുംമകളെയും ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ച് ആറ് നാളായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. പ്രതികൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം. മർദ്ദനം നടത്തി ആറ് നാൾ പിന്നിടുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മ‍ർദ്ദനമേറ്റ കുടുംബത്തിന്‍റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവ‍ർ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് പ്രധാനമായും ഇവർ ഉയർത്തുന്നത്.

അതിനിടെ മർദ്ദിച്ച സംഘത്തിലുൾപ്പെട്ട മെക്കാനിക്കിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ദൃശ്യങ്ങളിൽ കണ്ട അഞ്ചാമനായ മെക്കാനിക് അജിയെ ആണ് പുതുതായി കേസിൽ പ്രതി ചേർത്തത്. എഫ് ഐ ആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേർത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അഞ്ചാമൻ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേർത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഐ എൻ ടി യു സി പ്രവർത്തകനായിരുന്ന അജി അടുത്തിടെയാണ് സി ഐ ടി യുവിൽ ചേർന്നത്. ദൃശ്യങ്ങളിൽ നീല വസ്ത്രം ധരിച്ച് കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അജിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

കോൺഗ്രസ് അധ്യക്ഷനാകുമോ ഗെലോട്ട്? മുഖ്യമന്ത്രി സ്ഥാനമൊഴിയും; പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം? പൈലറ്റിനോ സാധ്യത?

അതേസമയം സംഭവത്തിൽ കെ എസ് ആർ ടി സി ഹൈക്കോടതിയിൽ റിപ്പോർട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മർദ്ദനമേറ്റ പ്രേമനനെയും മകളെയും നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയതായും കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരുവര്‍ക്കും ഉറപ്പ് നൽകിയെന്നും അക്രമി സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ച  കെ എസ് ആർ ടി സിയിലെ ജീവനക്കാരന് നേരെ സുരക്ഷാ ഭീഷണിയുണ്ടെന്നും കേസിൽ ഉൾപ്പട്ടവരുടെ യൂണിയൻ ഇദ്ദേഹത്തെ ലക്ഷ്യം വെക്കുന്ന സാഹചര്യത്തിൽ സുരക്ഷാ കാരണങ്ങളാൽ ഇയാളെ മറ്റൊരു യുണിറ്റിലേക്ക് സ്ഥലം മാറ്റിയതായും  കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഇരുപതാം തിയതി രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മകൾക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനന്റെ മറുപടിക്ക് പിന്നാലെ വാക്കേറ്റം ഉണ്ടായി. വെറുതെയല്ല കെ എസ് ആർ ടി സി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാർക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജീവനക്കാർ ചേർന്ന് പ്രേമന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ടു. ആക്രമണത്തിൽ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമന് പരിക്കേറ്റു.

click me!