Asianet News MalayalamAsianet News Malayalam

കോൺഗ്രസ് അധ്യക്ഷനാകുമോ ഗെലോട്ട്? മുഖ്യമന്ത്രി സ്ഥാനമൊഴിയും; പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം? പൈലറ്റിനോ സാധ്യത?

ഇന്ന് രാത്രി ഏഴ് മണിക്കാകും രാജസ്ഥാനിലെ കോൺഗ്രസ് നിയമസഭ കക്ഷി യോഗം ചേരുകയെന്നാണ് വ്യക്തമാകുന്നത്. യോഗത്തിൽ രാജസ്ഥാന്‍റെ പുതിയ മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ തീരുമാനമായേക്കും

ashok gehlot may resign rajasthan cm post today, sachin pilot have chances, congress president election live update
Author
First Published Sep 25, 2022, 12:00 AM IST

ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായതോടെ അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനമായേക്കും. അശോക് ഗെലോട്ട് സ്ഥാനമൊഴിയുമെന്ന കാര്യത്തിൽ ഏറെക്കുറെ സ്ഥിരീകരണമായ സ്ഥിതിക്ക് പുതിയ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ കോൺഗ്രസിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. അതിനിടെയാണ് രാജസ്ഥാനിൽ കോൺഗ്രസ് നിയമസഭ കക്ഷി യോഗം വിളിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇന്ന് രാത്രി ഏഴ് മണിക്കാകും രാജസ്ഥാനിലെ കോൺഗ്രസ് നിയമസഭ കക്ഷി യോഗം ചേരുകയെന്നാണ് വ്യക്തമാകുന്നത്. യോഗത്തിൽ രാജസ്ഥാന്‍റെ പുതിയ മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ തീരുമാനമായേക്കും. ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ തന്നെ നിർണായക തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം; തിരക്കിട്ട നീക്കവുമായി സച്ചിന്‍ പൈലറ്റ്

കോൺഗ്രസ് എം എൽ എ മാരിൽ ഭൂരിപക്ഷവും ഇപ്പോഴും ഗലോട്ടിനൊപ്പമാണെന്നതാണ് യാഥാർത്ഥ്യം. സ്പീക്കർ സി പി ജോഷിയെ പകരക്കാരനാക്കാനാണ് ഗലോട്ടിന് താൽപര്യം. എന്നാൽ  സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഗാന്ധി കുടുംബത്തിന് താൽപര്യമെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ യോഗം അതീവ നിർണായകമാകും. അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന് പൈലറ്റ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എം എല്‍ എമാരെ കണ്ട് സച്ചിന്‍ പിന്തുണ തേടിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനൊപ്പം നില്‍ക്കുമ്പോഴും ഗലോട്ടിനെ പിണക്കാതുള്ള പരിഹാരത്തിനാകും ഗാന്ധി കുടംബം ശ്രമിക്കുക.

അതേ സമയം അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആദ്യദിനം ആരും നാമനിർദേശ പത്രിക സമർപ്പിച്ചില്ല. ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി അശോക് ഗെലോട്ട് എത്തുമ്പോൾ ശശി തരൂർ എതിർ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പ്രതിനിധി മുഖേന എ ഐ സി സിയില്‍ നിന്ന് തരൂര്‍ നാമനിര്‍ദ്ദേശ പത്രിക വാങ്ങിയിരുന്നു. ശശിതരൂര്‍ മുന്‍പോട്ട് തന്നെ എന്ന സൂചനയാണ് ഇത് നൽകുന്നത്. ഔദ്യോഗിക പക്ഷത്തിന്‍റെയും ഗ്രൂപ്പ് 23ന്‍റെയും പിന്തുണയില്ലെങ്കിലും തരൂർ മത്സരിക്കാന്‍ തീരുമാനിച്ചു എന്ന് വ്യക്തം. ഓഫീസ് സ്റ്റാഫായ ആലിം ജാവേരിയെ പ്രതിനിധിയായച്ച് അഞ്ച് സെറ്റ് നാമനിര്‍ദ്ദേശ പത്രികകളാണ് തരൂര്‍ വാങ്ങിയത്. വെള്ളിയാഴ്ചയാകും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. കാര്യമായ പിന്തുണയില്ലെന്ന് വ്യക്തമായതോടെ  തരൂരിന്‍റെ പത്രികയില്‍ ആരൊക്കെ ഒപ്പുവയക്കുമെന്നും എത്രവോട്ട് കിട്ടുമെന്നതും പ്രധാനമാണ്. ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദത്തിന് വഴങ്ങിയ അശോക് ഗലോട്ട് ബുധനാഴ്ച പത്രിക നല്‍കിയേക്കും. ഗ്രൂപ്പ് 23നെ പ്രതിനിധീകരിച്ച് മനീഷ് തിവാരിയും മത്സരരംഗത്തുണ്ടാകും. മുപ്പത് വരെ നാമനിര്‍ദ്ദേശ പത്രിക നല്‍കാം. പത്രിക പിന്‍വലിക്കേണ്ട തീയതിയായ അടുത്ത എട്ടിന് മത്സര ചിത്രം വ്യക്തമാകും. 17 ന് തെരഞ്ഞെടുപ്പ് നടക്കും. 19 നാകും പ്രഖ്യാപനം.

ശശി തരൂരിനെ പാർട്ടി വക്താവ് പരസ്യമായി വിമർശിച്ചു, ഉടനടി ഇടപെട്ട് ഹൈക്കമാൻഡ്; 'മോശം പരാമർശങ്ങൾക്ക് വിലക്ക്'

Follow Us:
Download App:
  • android
  • ios