
പത്തനംതിട്ട: മണ്ഡല കാലം തുടങ്ങിയ ശേഷമുള്ള ആദ്യ ഞായറാഴ്ചയിൽ ശബരിമലയിൽ വലിയ തിരക്കില്ല. 48,000 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. സ്പോട് ബുക്കിങ് വഴി പതിനായിരത്തിൽ അധികം പേർ ബുക്ക് ചെയ്യുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു വളരെ ചെറിയ ക്യു ആണ് നടപന്തലിലും, സോപാനത്തും ഉണ്ടായിരുന്നത്. രാവിലെ മൂന്നു മണിക്ക് തുറന്ന നട ഉച്ച പൂജക്ക് ശേഷം ഒരു മണിക്ക് അടച്ചു
ശബരിമല തീർത്ഥാടകരുമായി പോകുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല തീർഥാടകരുമായി പോകുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈകോടതി. വാഹനങ്ങൾ വലിയ തോതിൽ അലങ്കരിക്കുന്നതിനുള്ള വിലക്കടക്കം നിയമത്തിലെ സുരക്ഷാ നിർദേശങ്ങൾ തീർഥാടകരുടെ വാഹനങ്ങൾക്കും ബാധകമാണെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ചിറയിൻകീഴ് ഡിപ്പോയിൽ നിന്ന് തീർഥാടകരുമായി ശബരിമലയിലേക്കെത്തിയ കെ.എസ്.ആർ.ടി.സി ബസ് പൂക്കളും മാലകളുമൊക്കെ ചാർത്തി അലങ്കരിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. ഡിപ്പോയിൽ നിന്നുള്ള ആദ്യ സർവീസായതിനാലാണ് ഇത്തരത്തിൽ അലങ്കരിച്ചതെന്നായിരുന്നു അഭിഭാഷകന്‍റെ വിശദീകരണം.ഇത് അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരം നടപടികൾ മോട്ടോർ വാഹന നിയമത്തിനു വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.