ഓണത്തിന് യാത്രാ പ്രതിസന്ധി രൂക്ഷം; ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റില്ല, സ്പെഷ്യൽ ട്രെയിനുകൾ പേരിനു മാത്രം

Published : Aug 10, 2026, 07:50 AM IST
Onam Travel Rush

Synopsis

ഓണത്തിന് യാത്രാ പ്രതിസന്ധി രൂക്ഷം. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റില്ല. സ്പെഷ്യൽ ട്രെയിനുകൾ പേരിനു മാത്രം. വെയ്റ്റിംഗ് ലിസ്റ്റിൽ പോലും ടിക്കറ്റ് കിട്ടാനില്ല.മലബാറിലേക്കും യാത്രാ പ്രതിസന്ധി രൂക്ഷം. ബസ് ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി.

ബെം​ഗളൂരു: ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന മറുനാടൻ മലയാളികൾ കടുത്ത യാത്രാ പ്രതിസന്ധിയിൽ. ട്രെയിനുകളിൽ മാസങ്ങൾക്ക് മുൻപേ ടിക്കറ്റുകൾ തീർന്നതും സ്വകാര്യ ബസുകളും വിമാന കമ്പനികളും നിരക്കുകൾ കുത്തനെ കൂട്ടിയതുമാണ് മലയാളി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. പലരും ഇത്തവണ ഓണാഘോഷം കേരളത്തിന് പുറത്താക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്.

തിരക്ക് പരിഹരിക്കാൻ റെയിൽവേ പ്രഖ്യാപിച്ച ഹുബ്ബള്ളി-കോട്ടയം ഉൾപ്പെടെയുള്ള പ്രത്യേക ട്രെയിനുകൾ പേരിന് മാത്രമുള്ളതാണെന്നാണ് യാത്രക്കാരുടെ പരാതി. റെഗുലർ ട്രെയിനുകളിലെ ബുക്കിങ് മിനിറ്റുകൾക്കകം വിറ്റുതീർന്നതോടെ ഭൂരിഭാഗം പേരും വെയ്റ്റിങ് ലിസ്റ്റിലാണ്. സ്പെഷ്യൽ ട്രെയിനുകളിൽ തേർഡ് എസി നിരക്കുകൾ സാധാരണ നിരക്കിനേക്കാൾ കൂടുതലാണെന്നും ആക്ഷേപമുണ്ട്. യാത്രയ്ക്ക് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ തുറക്കുന്ന തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ മാത്രമാണ് ഇനി പ്രതീക്ഷ. കടുത്ത മത്സരത്തിൽ വിജയിക്കുന്നവർക്ക് നാട്ടിലെത്താനാകും.

സാധാരണ ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് എസി മൾട്ടി-ആക്സിൽ സ്ലീപ്പർ ബസുകൾക്ക് 1,200 രൂപ മുതൽ 2,500 രൂപ വരെയാണ് ഈടാക്കാറുള്ളത്. എന്നാൽ, ഓണത്തിരക്ക് പ്രമാണിച്ചുള്ള വാരാന്ത്യങ്ങളിൽ സ്വകാര്യ ബസ് ലോബികൾ നിരക്കുകൾ കുത്തനെ കൂട്ടിക്കഴിഞ്ഞു. പ്രമുഖ പ്രീമിയം ഓപ്പറേറ്റർമാർ സിംഗിൾ സീറ്റിന് 3,000 രൂപ മുതൽ 5,900 രൂപ വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. എസി ഇല്ലാത്ത സാധാരണ ബസുകൾക്ക് പോലും 1,400 രൂപയ്ക്ക് മുകളിലാണ് ആരംഭ നിരക്ക്. കേരള, കർണാടക കെഎസ്ആർടിസി അഡീഷണൽ സർവീസുകൾ നടത്തുമെങ്കിലും സീറ്റുകൾ ആവശ്യത്തിനില്ലാത്തത് സ്വകാര്യ ബസുകൾക്ക് ചൂഷണത്തിന് വഴിയൊരുക്കുന്നു.

ബെംഗളൂരുവിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സാധാരണ ടിക്കറ്റ് നിരക്ക് 3,300 - 4,500 രൂപ വരെയാണെങ്കിൽ, ഓണക്കാലത്ത് പറന്നുയരണമെങ്കിൽ കാശ നിറയെ വേണം കാശ്. അവസാന നിമിഷത്തെ ബുക്കിങ്ങുകൾക്ക് 15,000 രൂപ മുതൽ 30,000 രൂപ വരെയാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ചില റൂട്ടുകളിൽ കണക്റ്റിങ് ഫ്ലൈറ്റുകളുടെ നിരക്ക് ഇതിലും മുകളിലാണ്. നാലംഗങ്ങളുള്ള ഒരു സാധാരണ മലയാളി കുടുംബത്തിന് നാട്ടിലെത്തി മടങ്ങാൻ മാത്രം ലക്ഷത്തിനടുത്ത് തുക ചെലവഴിക്കേണ്ട സാഹചര്യമാണ്. കേരള, കർണാടക സർക്കാരുകളും റെയിൽവേ മന്ത്രാലയവും അടിയന്തരമായി ഇടപെട്ട് കൂടുതൽ സ്പെഷ്യൽ ട്രെയിനുകളും അന്തർസംസ്ഥാന ബസുകളും ബജറ്റ് നിരക്കിൽ അനുവദിച്ചില്ലെങ്കിൽ ഇത്തവണ പതിനായിരക്കണക്കിന് മലയാളികളുടെ ഓണാഘോഷം ബെംഗളൂരുവിലെ ഫ്ലാറ്റുകളിൽ ഒതുങ്ങും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാത്രി പട്രോളിങ്ങിനിടെ സംശയം; ചോദ്യം ചെയ്തപ്പോൾ പുറത്തായത് ജ്വല്ലറി കൊള്ളയുടെ പദ്ധതി, വടക്കഞ്ചേരിയിൽ മൂന്ന് പേർ പിടിയിൽ
അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്