തോമസ് ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിച്ചില്ല; നിയമസഭയിൽ എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷം

By Web TeamFirst Published Dec 31, 2019, 10:31 AM IST
Highlights

കെഎസ് ശബരീനാഥൻ എംഎൽഎ ആണ് വിയോജിപ്പ് അറിയിച്ച് സ്പീക്കര്‍ക്ക് കത്ത് നൽകിയത്. 

തിരുവനന്തപുരം: കുട്ടനാട് എംഎൽഎയും മുൻമന്ത്രിയുമായ തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിക്കാതെ നിയമസഭ ചേർന്നതിൽ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷം. കെഎസ് ശബരീനാഥൻ എംഎൽഎ ആണ് സ്പീക്കര്‍ക്ക് ഇത് സംബന്ധിച്ച കത്ത് നൽകിയത്. നിലവിലെ അംഗത്തിന്‍റെ നിര്യാണത്തിന് ശേഷം സഭ ചേരുമ്പോൾ ചരമോപചാരം അര്‍പ്പിക്കുന്ന പതിവ് ഉണ്ട്. അതാണ് കീഴ്‍വഴക്കവും. തോമസ് ചാണ്ടിയുടെ കാര്യത്തിൽ ഈ കീഴ്വഴക്കം ലംഘിക്കപ്പെട്ടെന്നാണ് പ്രതിപക്ഷം വിയോജനക്കുറിപ്പിൽ പറയുന്നത്. 

ഒപ്പമുണ്ടായിരുന്ന ജനപ്രതിനിധിയാണ് തോമസ് ചാണ്ടി. അദ്ദേഹത്തിന്‍റെ മരണ ശേഷം ആദ്യമായാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. അനുശോചനം രേഖപ്പെടുത്തുകയോ ഒരു പരാമര്‍ശം നടത്തുകയോ പോലും ഉണ്ടാകാത്ത അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും കിഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും സ്പീക്കര്‍ക്ക് നൽകിയ കത്തിൽ പറയുന്നു. 

അനുശോചനം രേഖപ്പെടുത്തിയിൽ അന്ന് സഭ പിരിയണമെന്നാണ് കീഴ്വഴക്കമെന്നും അത് പ്രത്യേക സമ്മേളനത്തിൽ പ്രായോഗികമല്ലാത്തതിനാലാണ്  നടത്താത്തതെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനാണ് നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നത്. 

click me!