വിഷയം തെറ്റി പ്രതിഷേധം; നിയമസഭയില്‍ ഒ രാജഗോപാലിന് അമളി

By Web TeamFirst Published Dec 31, 2019, 10:13 AM IST
Highlights

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന ധാരണയാണ് ബിജെപി അംഗത്തിന് അബദ്ധം സംഭവിക്കാൻ കാരണം. പ്രമേയം അവതരിപ്പിച്ച ശേഷം ബിജെപി അംഗം തെറ്റിദ്ധരിച്ചതാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം: വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കാൻ വിളിച്ചുചേര്‍ത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാലിന് അമളി പറ്റി. സഭാ നടപടികളിൽ ആദ്യം തന്നെ പ്രതിഷേധിച്ചതാണ് അദ്ദേഹത്തിന് വിനയായത്.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ സഭാ നടപടികൾ ആരംഭിച്ചപ്പോഴാണ് സംഭവം. മുഖ്യമന്ത്രിയെ പ്രമേയം അവതരിപ്പിക്കാൻ സ്പീക്കര്‍ ക്ഷണിച്ചു. ഈ ഘട്ടത്തിൽ എതിര്‍പ്പുമായി രാജഗോപാൽ എഴുന്നേറ്റു. 

"പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള നിയമം, ആ നിയമത്തിനെതിരായിട്ട് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ, ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടിത് ഇവിടെ ചര്‍ച്ച ചെയ്യാൻ പാടില്ലെന്നതാണ് എന്റെ അഭിപ്രായം," എന്ന് ഒ രാജഗോപാൽ പറഞ്ഞു. എന്നാൽ സ്പീക്കര്‍ സ്റ്റാറ്റ്യൂട്ടറി പ്രമേയം അവതരിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത് പട്ടികജാതി-പട്ടികവര്‍ഗ സമുദായംഗങ്ങൾക്ക് സംവരണം പത്ത് വര്‍ഷത്തേക്ക് നീട്ടിനൽകാനുള്ള പ്രമേയമായിരുന്നു. ഈ വിഷയത്തോട് ഒ രാജഗോപാൽ എംഎൽഎയ്ക്ക് എതിര്‍പ്പില്ലായിരുന്നു."

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന ധാരണയാണ് ബിജെപി അംഗത്തിന് അബദ്ധം സംഭവിക്കാൻ കാരണം. പ്രമേയം അവതരിപ്പിച്ച ശേഷം ബിജെപി അംഗം തെറ്റിദ്ധരിച്ചതാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ പ്രമേയത്തെ അദ്ദേഹവും(ഒ രാജഗോപാൽ) അനുകൂലിക്കുമെന്നാണ് താൻ കരുതുന്നതെന്നും സഭ ഇത് ഐകകണ്ഠേന പാസാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് പ്രമേയം അംഗീകരിച്ച് സംസാരിച്ചു.

പ്രമേയത്തിനെതിരെ കെസി ജോസഫ് സമര്‍പ്പിച്ച ഭേദഗതി ചര്‍ച്ചയ്ക്ക് എടുക്കാത്തതിനെതിരെ കെസി ജോസഫ് പ്രതിഷേധം അറിയിച്ചു. എന്നാൽ സ്റ്റാറ്റ്യൂട്ടറി പ്രമേയമാണെന്നും ലോക്സഭാ സ്പീക്കറുടെ ഓഫീസിൽ നിന്ന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി എകെ ബാലൻ വിശദീകരിച്ചു. സ്റ്റാറ്റ്യൂട്ടറി പ്രമേയങ്ങള്‍ക്ക് ഭേദഗതി വരുത്തുന്ന കീഴ്‌വഴക്കം ഇല്ലെന്ന് സ്പീക്കറും വിശദീകരിച്ചു. പിന്നീട് സഭ ഐകകണ്ഠേന ഈ പ്രമേയം പാസാക്കി.

click me!