പാതി വഴിയില്‍ എത്തിയപ്പോൾ വാഹനമില്ല; ബെംഗ്ലൂരുവിൽ നിന്നെത്തിയവര്‍ മലപ്പുറത്ത് കുടങ്ങിയത് മൂന്ന് മണിക്കൂര്‍

By Web TeamFirst Published May 24, 2020, 4:43 PM IST
Highlights

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള പതിനാറ് പേര്‍ക്ക് മലപ്പുറത്ത് നിന്നും പ്രത്യേക ബസുണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. ബസില്ലാതെ വന്നതോടെ യാത്രക്കാര്‍ വന്ന ബസില്‍ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചു. 

മലപ്പുറം: ബെംഗ്ലൂരുവിൽ നിന്ന് വന്ന യാത്രക്കാർ വാഹനം കിട്ടാതെ മൂന്ന് മണിക്കൂറോളം മലപ്പുറത്ത് കുടുങ്ങി. ട്രെയിനില്‍ തൃശൂരിലെത്തിയ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള യാത്രക്കാരാണ് പാതി വഴിയില്‍ വാഹനമില്ലാതെ വലഞ്ഞത്.

ട്രെയിനില്‍ രാവിലെ ഏഴ് മണിയോടെ തൃശൂരിലെത്തിയവരാണ് അവിടെ നിന്നും രണ്ട് കെഎസ്ആര്‍ടിസി ബസുകളില്‍ കയറി പതിനൊന്ന് മണിയോടെ മലപ്പുറത്തെത്തിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള പതിനാറ് പേര്‍ക്ക് മലപ്പുറത്ത് നിന്നും പ്രത്യേക ബസുണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. ബസില്ലാതെ വന്നതോടെ യാത്രക്കാര്‍ വന്ന ബസില്‍ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചു. 

പിന്നീട് പൊലീസെത്തി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നിന്നും വന്ന ഒരു കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെത്തിക്കാൻ തീരുമാനിച്ചു. മൂന്ന് മണിക്കൂറിന് ശേഷം ഉച്ചക്ക് രണ്ടുമണിയോടെയാണ് ബസ് പുറപ്പെട്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയേണ്ടവരുടെ യാത്രകാര്യങ്ങളില്‍ തുടര്‍ച്ചയായി വീഴ്ച്ചയുണ്ടാവുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.

click me!