
തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി ജോലി ചെയ്ത മുൻ സ്റ്റുഡ്ൻറ് പൊലീസ് കേഡറ്റുകൾക്കും എൻസിസി,എൻഎസ്എസ് വിദ്യാർത്ഥികള്‍ക്കും ഇതുവരെ പണം നൽകിയില്ല. സംസ്ഥാന സർക്കാർ 6 കോടി രൂപ നൽകിയിട്ടും വിദ്യാർത്ഥികൾക്ക് പ്രതിഫലം നൽകാൻ ചട്ടമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. സേവനം ചെയ്ത വിമുക്ത ഭടന്മാരും പ്രതിഫലത്തിനായി ഓഫീസുകൾ കയറി ഇറങ്ങുകയാണ്.
ആവശ്യത്തിന് പൊലീസ് ഇല്ലാത്തത് കൊണ്ടാണ് മുൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെയും എൻസിസി എൻ എസ് എസ് വിദ്യാർത്ഥികളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചത്. ഒപ്പം വിമുക്ത ഭടന്മാരെയും നിയമിച്ചിരുന്നു. സ്പെഷ്യൽ പൊലീസ് എന്ന നിലക്ക് ഈ വിഭാഗങ്ങളിലാകെ 22,000 പേരെയാണ് നിയോഗിച്ചത്.
വോട്ടെടുപ്പ് ദിവസവും തലേന്നും ബൂത്തുകളിലായിരുന്നു ചുമതല. ഒരു ദിവസം 1300 രൂപ വച്ച് രണ്ട് ദിവസത്തെ പ്രതിഫലമാണ് ഇവർക്ക് നൽകേണ്ടിയിരുന്നത്.ഇതിനായി ആറു കോടിരൂപയാണ് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. പക്ഷെ വിമുക്ത ഭടൻമാർക്കൊഴികെ മാറ്റാർക്കും ഇപ്പോള്‍ പണം നൽകില്ലെന്നാണ് കമ്മീഷൻെറ നിലപാട്. വിദ്യാർത്ഥികളെ ഈ രീതിയിൽ സുരക്ഷക്കായി നിയോഗിക്കാനാകില്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെന്നാണ് വിശദീകരണം.
എന്നാൽ സ്പെഷ്യൽ പൊലീസുകാരെ വെക്കുന്ന കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സ്പെഷ്യൽ പൊലീസിനെ വെച്ചിരുന്നു.വിമുക്തഭടന്മാർക്ക് പണം നൽകാൻ തടസമില്ലെന്ന് കമ്മീഷൻ പറയുമ്പോഴും അവർക്കും പണം കിട്ടിയിട്ടില്ല. മുൻ എസ്.പി.സിക്കാർ ഉള്‍പ്പെടെ എല്ലാ സ്പെഷ്യൽ പൊലീസുകാർക്കും പണം നൽകണമെന്ന് ഡിജിപിയും ആഭ്യന്തരവകുപ്പും മൂന്നു പ്രാവശ്യം കമ്മീഷനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഫലം വരാറായിട്ടും ചെയ്ത ജോലിക്കുള്ള പണം കാത്തിരിക്കുകയാണ് വിദ്യാർത്ഥികളടക്കമുള്ളവർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam