
കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ആസ്തി രേഖകൾ അടക്കം വ്യക്തമാക്കുന്ന നാമനിര്‍ദേശ പത്രികയിലെ വിവരങ്ങൾ പുറത്തുവന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ കെ സുരേന്ദ്രന്റെ പേരിൽ 243 കേസുകളാണ് നിലവിലുള്ളത്. അതിൽ ഒരെണ്ണം വയനാട്ടിൽ രജിസ്റ്റര്‍ ചെയ്തതാണ്. സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസാണത്.
സ്വത്ത് വിവരങ്ങളുടെ കണക്കിൽ കെ സുരേന്ദ്രന് സ്വന്തമായി വാഹനം ഇല്ല. ആകെ എട്ട് ഗ്രാം സ്വർണം മാത്രമാണ് കയ്യിലുള്ളത്. അതേസമയം, ഭാര്യയ്ക്ക് 32 ഗ്രാം സ്വർണമുണ്ടെന്നും നൽകിയ വിവരങ്ങളിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കൈവശം ആകെ 15,000 രൂപ മാത്രമാണ് ഉള്ളത്. രണ്ടു ബാങ്ക് അക്കൌണ്ടുകളിലായി 77,669 രൂപയുമുണ്ട്. ഇതിന് പുറമെ ജന്മഭൂമിയുടെ 10 ഷെയറുകളും ഉണ്ടെന്ന് നാമനിര്‍ദേശ പത്രിക.
അതേസമയം, വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കളാണ്. 55,000 രൂപയാണ് രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഇന്നലെ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അയോഗ്യത കേസടക്കം രാഹുലിനെതിരെയുള്ളത് 18 ക്രിമിനൽ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam