നോര്‍ക്ക പദ്ധതികള്‍ കടലാസില്‍, പ്രവാസികള്‍ പെരുവഴിയില്‍, തലസ്ഥാനത്ത് സംരഭം തുടങ്ങിയ പ്രവാസിയും ദുരിതത്തിൽ

By Web TeamFirst Published Jul 19, 2021, 7:07 AM IST
Highlights

നോര്‍ക്ക   പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിലെ പല പദ്ധതികളും കടലാസിലൊതുങ്ങി. കൊട്ടിഘോഷിച്ച പ്രവാസി സപ്ളൈകോ സ്റ്റോര്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി, നോര്‍ക്ക   പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിലെ പല പദ്ധതികളും കടലാസിലൊതുങ്ങി. കൊട്ടിഘോഷിച്ച പ്രവാസി സപ്ളൈകോ സ്റ്റോര്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. വരുമാനത്തിനായി സ്വന്തം നിലയ്ക്ക് ചെറിയൊരു ബേക്കറി തുറന്ന പ്രവാസിക്ക് കനത്ത നികുതിയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചുമത്തിയത്.

കഴക്കൂട്ടം സ്വദശിയായ തോമസ് ഗോമസ്, മൂന്ന് പതിറ്റാണ്ടോളമായി ദൂബായിലാണ് ജോലി ചെയ്തിരുന്നത്. ഷിപ്പിംഗ് കമ്പനിയുടെ ഓഫീസിലെ ജോലിയില്‍ നിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്‍റെ  ആശ്രയം. കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് കഴി‍ഞ്ഞ വര്‍ഷം ജൂലായില്‍ നാട്ടില്‍ തിരിച്ചെത്തി. നോര്‍ക്കയുടെ പുനരധിവാസ പദ്ധതിയായ സപ്ലൈകോ പ്രവാസി സ്റ്റോർ ശ്രദ്ധയില്‍പെട്ടു. 15 ശതമാനം മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപവരെ ബാങ്ക് വായ്പ അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. മാവേലി സ്റ്റോര്‍, സൂപ്പര്‍ മാർക്കറ്റ് മാതൃകയിലുള്ള കട ആംരംഭിക്കാനായിരുന്നു പദ്ധതി. പ്രതീക്ഷയോടെ തോമസും അപേക്ഷ സമര്‍പ്പിച്ചു.  ആറു മാസത്തിലേറെ നോര്‍ക്കയുടേയും സപ്ളൈകോയുടേയും ഓഫീസുകളില്‍ കയറി ഇറങ്ങി. പദ്ധതി ഉപേക്ഷിച്ചെന്നാണ് ഒടുവില്‍ കിട്ടിയ മറുപടി.

രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസ ചെലവും വീട്ടു ചെലവും മുന്നോട്ട് കൊണ്ടുപോകാൻ ചെറിയൊരു ബേക്കറി വീടിനോട് ചേര്‍ന്നു തുടങ്ങാന്‍ തീരുമാനിച്ചു. ലൈസന്‍സെടുക്കാന്‍ കോര്‍പ്പറേഷനില്‍ ചെന്നപ്പോള്‍ നികുതിയായി ചുമത്തിയത് 1500 രൂപ. ലോക്ഡൗണില്‍ കച്ചവടം ഇടിഞ്ഞതോടെ നികുതിയും കനത്ത വൈദ്യുതി ബില്ലും ബാധ്യതയായി. പ്രായമായതിനാൽ ഇനി ദുബായിലേക്ക് മടങ്ങി മറ്റൊരു ജോലി കണ്ടെത്തുക എളുപ്പവുമല്ലെന്നാണ് തോമസ് ഗോമസ് പറയുന്നത്. തോമസ് ഗോമസിന്‍റേത് ഒറ്റപ്പെട്ട അനുഭവമല്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കുന്നു. പുതിയ സംരഭം തുടങ്ങുമ്പോഴുള്ള ഇളവുകള്‍ പ്രഖ്യാപനത്തിലൊതുങ്ങുന്നു. പ്രവാസിയുടെ ജീവിതം പെരുവഴിയില്‍.

click me!