വ്യാജ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍; തടയാന്‍ വന്‍ നടപടികളുമായി നോര്‍ക്ക

Published : Apr 15, 2024, 07:18 PM IST
വ്യാജ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍; തടയാന്‍ വന്‍ നടപടികളുമായി നോര്‍ക്ക

Synopsis

പുതിയ സുരക്ഷാക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ ഏപ്രില്‍ 29 മുതല്‍ നിലവില്‍ വരും.

തിരുവനന്തപുരം: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍ ഹോളോഗ്രാം, ക്യൂആര്‍ കോഡ് എന്നീ സുരക്ഷാ മാര്‍ഗങ്ങള്‍കൂടി ഉള്‍പ്പെടുത്തി നവീകരിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് തീരുമാനം. പുതിയ സുരക്ഷാക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ ഏപ്രില്‍ 29 മുതല്‍ നിലവില്‍ വരും. ഇതോടെ, സര്‍ട്ടിഫിക്കറ്റുകളിന്‍ മേലുള്ള നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്റെ സാധുത ക്യൂആര്‍ കോഡ് റീഡറിന്റെ സഹായത്തോടെ പരിശോധിക്കാന്‍ കഴിയുമെന്ന് നോര്‍ക്ക അറിയിച്ചു. 

പുതുക്കിയ അറ്റസ്റ്റേഷന്‍ സ്റ്റാമ്പിങ്ങിന്റെ മാതൃകയുടെ പ്രകാശനം നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. രാജ്യത്ത് ആദ്യമായാണ് അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുന്നതെന്നും ഇത് നോര്‍ക്ക അറ്റസ്റ്റേഷന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി പറഞ്ഞു. നോര്‍ക്ക റൂട്ട്‌സിലെ ആതന്റിക്കേഷന്‍ ഉദ്യോഗസ്ഥരുടെ ഒപ്പും സീലും വ്യാജമായി നിര്‍മ്മിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കുന്ന തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുത്തന്‍ സാങ്കേതികവിദ്യയിലൂടെ അറ്റസ്റ്റേഷന്‍ സ്റ്റാമ്പിംഗ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ നിര്‍ബന്ധിതമായതെന്ന് നോര്‍ക്ക റൂട്ട്‌സ് വ്യക്തമാക്കി. 

നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ആതന്റിക്കേഷന്‍ ഓഫീസര്‍ സുനില്‍ കെ ബാബു, സെന്റര്‍ മാനേജര്‍ സഫറുള്ള, അസിസ്റ്റന്റ് മാനേജര്‍ ജെന്‍സി ജോസി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

'അഞ്ച് ഗുരുതര കൊതുകുജന്യ രോഗങ്ങൾക്ക് സാധ്യത, മുൻകരുതലുകൾ സ്വീകരിക്കണം'; ജാഗ്രതാ നിർദ്ദേശങ്ങളുമായി വീണ 

 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ