
തിരുവനന്തപുരം: ലൈഫ് മിഷനിലൂടെ (Life Mission) വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ് നല്‍കുന്ന പദ്ധതി പ്രകാരം പിണറായി സര്‍ക്കാര്‍ (Pinarayi Government) അധികാരത്തിലെത്തിയ ശേഷം നിര്‍മാണം തുടങ്ങിയ 36 ഭവന സമുച്ഛയങ്ങളില്‍ ഒരു ഫ്ലാറ്റ് പോലും കൈമാറിയില്ലെന്ന് വിവരാവകാശ രേഖ. യുഡിഎഫ് (UDF) സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണം തുടങ്ങിയ അടിമാലിയിലെ ഫ്ലാറ്റ് കൂടാതെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് നിര്‍മാണം തുടങ്ങിയതില്‍ ചിലത് മാത്രമാണ് ഇതുവരെ കൈമാറിയത്. 2017ൽ മുഖ്യമന്ത്രി നേരിട്ടെത്തി ശിലാസ്ഥാപനം നടത്തിയ പുനലൂരിലെ ഫ്ലാറ്റിന്‍റെ നിര്‍മാണം പോലും പാതിവഴിയിലാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര തുടങ്ങുന്നു. 'ഫ്ലാറ്റാ'യ ലൈഫ്.
ഒരു ദിവസമെങ്കില്‍ ഒരു ദിവസം മുമ്പ് സ്വസ്ഥമായി കിടന്നുറങ്ങാനാണ് ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി ഒന്നാം പിണറായി സര്‍ക്കാര്‍ ലൈഫ് പദ്ധതി പ്രകാരം ഭവന സമുച്ഛയങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. നിര്‍മാണം വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് കാസര്‍കോട് ടാറ്റ ആശുപത്രി നിര്‍മിച്ചത് പോലുള്ള പ്രീ ഫാബ് മാതൃക സ്വീകരിച്ചത്. മുഖ്യമന്ത്രി 2017 മെയ് 23 ഉദ്ഘാടനം നിര്‍വഹിച്ച് പോയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷമാണ് പുനലൂരില്‍ നിര്‍മ്മാണം തുടങ്ങിയത് തന്നെ. പുനലൂരില്‍ മാത്രമല്ല, സംസ്ഥാനത്ത് നിര്‍മാണം തുടങ്ങിയ 36 ഫ്ലാറ്റുകളില്‍ ഒരെണ്ണം പോലും പൂര്‍ത്തീകരിച്ച് നല്‍കാനായില്ലെന്ന് ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ നിന്നും ജില്ലാ ഓഫീസുകളില്‍ നിന്നും കിട്ടിയ വിവരാവകാശ രേഖയില്‍ പറയുന്നു. പുനലൂരിലെയും അഞ്ചലിലെയും പോലെ തന്നെയാണ് ലൈഫ് മിഷന്‍ നേരിട്ട് നിര്‍മാണം നടത്തുന്ന മറ്റ് 34 ഭവനസമുച്ഛയങ്ങളുടെയും സ്ഥിതി. അടിമാലിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ ഭവനസമുച്ഛയം കൂടാതെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് നിര്‍മ്മാണം നടത്തിയ ചിലയിടങ്ങിലെ ഭവനസമുച്ഛയങ്ങള്‍ മാത്രമാണ് ഇതുവരെ കൈമാറാനായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam