
തിരുവനന്തപുരം: വൻ വിജയം മുന്നോട്ട് നൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി കെ എം ഷാജി. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം മികച്ച രീതിയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവർത്തനം നിരീക്ഷിക്കുക. നിരന്തരം വിമർശിക്കുക. മറുപടികൾ പറഞ്ഞ് സമയം കളയാനില്ല. എല്ലാത്തിനോടും കരുതലോട് കൂടിയ പ്രവർത്തനം കാഴ്ച വയ്ക്കുമെന്നും കെ എം ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വയനാട് കണിയാമ്പറ്റ സ്കൂൾ ലീഡറായി തുടങ്ങിയ പൊതു പ്രവർത്തനത്തിന്റെ അടുത്തഘട്ടമാണ് കെ.എം ഷാജിക്ക് ഈ മന്ത്രി പദവി. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്ക് പിന്ഗാമിയായി എത്തിയപ്പോൾ തന്നെ അണികൾ ഉറപ്പിച്ചതാണ് മന്ത്രി സ്ഥാനം. ഷുവർ സീറ്റിൽ മത്സരിച്ച് ജയിക്കാൻ വേണ്ടി മാത്രമായിരുന്നില്ല, ലീഗിലെ തലമുറമാറ്റത്തിന്റെ, പുതു നേതൃ നിരയുടെ പ്രഖ്യാപനംകൂടെയായിരുന്നു ആ മണ്ഡലമാറ്റം. സാദിഖലി തങ്ങളുടെ പിന്തുണയിൽ ഉറപ്പിച്ച മന്ത്രി സ്ഥാനത്ത് പുതിയൊരു നേതാവിനെ കാണാം എന്നാണ് അനുയായികളുടെ പ്രതീക്ഷ.
പാർട്ടി അണികളെ ത്രസിപ്പിച്ച പ്രസംഗങ്ങൾ. യൂത്ത് ലീഗ് അധ്യക്ഷനായിക്കെ സംഘടനാ പ്രവർത്തകരിലേക്ക് പകർന്ന ഊർജം, ലീഗ് നേതൃ പദവികളിലേക്ക് ഏണിപ്പടിയായി. 2006ൽ കൊല്ലം ഇരവിപുരത്താണ് നിയമസഭയിലേക്കുള്ള മത്സര തുടക്കം. അടുത്ത തവണയാണ് ഷാജിയിലെ പോരാട്ട വീര്യം കേരളം കണ്ടത്. കണ്ണൂർ അഴീക്കോട് മണ്ഡലത്തിൽ നിന്നും രണ്ട് തവണ നിയമസഭയിൽ. രണ്ടാംകുറി തോൽപ്പിച്ചത് എം.വി രാഘവന്റെ മകൻ നികേഷ് കുമാറിനെ. സഭയിൽ ഖ്യമന്ത്രിയെ കടന്നാക്രമിച്ച ഷാജി മൂന്നാം പോരിൽ കെ.വി സുമേഷിന് മുന്നിൽ പതറി. പാർട്ടിയിൽ, സംഘടനാ രംഗത്ത് സജീവമായ ഷാജിക്ക് വേങ്ങര പോലൊരു സുരക്ഷിത മണ്ഡലം ഒഴിഞ്ഞു കൊടുത്തത് കുഞ്ഞാലിക്കുട്ടി.
സമുദായത്തിന്റെ പേര് നശിപ്പിക്കുന്ന വർഗീയ കക്ഷികളോട് സന്ധിയില്ലാ പോര് നടത്തിയതിനാൽ ശത്രുക്കളും മിത്രങ്ങളും ഒരുപോലെ കൂടി.മൂർച്ച ഏറിയ നാക്കിന്റെ നോവേറ്റവരും ഏറെ. വിവാദങ്ങൾക്കും കുറവില്ല.ചോരത്തിളപ്പിന്റെ കാലത്ത്, ഉൾപാർട്ടി സമരങ്ങളിൽ എം.കെ മുനീറിന്റെ അനുയായി. അന്ന് മറുപക്ഷം ചൊടിച്ചത് കുറച്ചൊന്നുമല്ല. ഉമ്മൻചാണ്ടി ഭരണത്തിൽ രൂപപ്പെട്ട ഹരിത എംഎൽഎമാരിൽ പ്രധാനി. അന്ന് മുതൽ അടുപ്പം കൂടിയതാണ് വി.ഡി.സതീഷനുമായി. മുന്നണി നേതാക്കളെ രാഷ്ട്രീയ എതിരാളികൾ കൊത്തിവലിക്കുന്ന നേരം പാർട്ടി നോക്കാതെ പ്രതിരോധിക്കാനെത്തുന്ന ഘടകക്ഷി നേതാവ്. അതുകൊണ്ട് പാർട്ടിക്ക് പുറത്തും മുന്നണിയിലാകെയും ഷാജിക്ക് അനുയായികൾ ഏറെയാണ്.
കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ അധ്യക്ഷൻ, കണിയാമ്പറ്റ പഞ്ചായത്ത് ഉപാധ്യക്ഷൻ അധ്യക്ഷ പദവികളിൽ ഇരുന്നത് അടിത്തട്ടിലെ അനുഭവപാഠം. ചുരമിറങ്ങിയ നേതാവ് കേരളമാകെ നിറഞ്ഞപ്പോൾ ഷാജി.കെ.വയനാട്, കെ.എം ഷാജിയായി മാറി. എതിർപക്ഷം ഏറെ വേട്ടയാടിയ പ്ലസ്ടു കോഴക്കേസിലും വർഗീയ പോസ്റ്റർ കേസിലും ക്ലീൻ ചിറ്റുമായാണ് നിയമസഭയിലേക്കുള്ള മടക്കം. പിണറായി സർക്കാർ എടുത്ത കോഴ കേസിൽ ഇഡിയും കൂടെ ചേർന്നു. കണ്ണൂരിലും കോഴിക്കോടുമായി വീടിനകം വരെ എത്തിയ റെയ്ഡും അന്വേഷണവും. വിജിലൻസ് വീട്ടിൽ നിന്നും 47 ലക്ഷം രൂപയും പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് പറഞ്ഞെങ്കിലും കോടതി തള്ളി. തെരഞ്ഞെടുപ്പിന് മുമ്പെ എടുത്ത ഈ കേസാണ് അഴീക്കോട്ടെ മൂന്നാം പോരിൽ തോൽവിക്ക് കാരണമെന്നാണ് ഷാജി ഇപ്പോഴും കരുതുന്നത്. സുപ്രീം കോടതിവരേ നീണ്ട നിയമപോരാട്ടവും മറികടന്നാണ് നിയമസഭയിലേക്കുള്ള മൂന്നാം വരവ്. മന്ത്രി പദവിയോടെ അതും പിണറായി പ്രതിപക്ഷത്തിരിക്കുന്ന സഭയിൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam