
തിരുവനന്തപുരം: പാര്‍ട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം വളരെ മികച്ച രീതിയിൽ നിർവഹിക്കുമെന്ന് നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. കേരളത്തിലെ പൊതുസമൂഹത്തോട് ഒരുപാട് നന്ദിയുണ്ട്. തളർത്താൻ ആകില്ലെന്നും ഷാനിമോൾ വ്യക്തമാക്കി. വെട്ടിമാറ്റി എന്ന് കരുതുന്നില്ല. ഇപ്പോൾ ഒരു സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. ഇനി എവിടെ എത്തിച്ചേരണമെന്നുള്ളതിൽ സമയമുണ്ട്. ഒറ്റ രാത്രി കൊണ്ട് ഒന്നും തീരില്ല. പാർട്ടി ഇപ്പോൾ തന്നെ അംഗീകാരം വലുത്. തിരിച്ചടികളിൽ നിന്ന് തിരിച്ചു വരുന്നതാണ് തന്‍റെ രീതി. ഒരു ഉറക്കം കൊണ്ട് നേരം വെളുക്കില്ലെന്നും ഷാനിമോൾ വ്യക്തമാക്കി. സ്ഥാനങ്ങൾ കിട്ടാത്ത ഒരുപാട് പേരുണ്ട്. സീറ്റ് കിട്ടാത്തവര്‍ ഒരുപാട് പേരുണ്ട്. രാഷ്ട്രീയപ്രവർത്തകരെ സംബന്ധിച്ച് സ്ഥിരോത്സാഹം വേണമെന്നും ഷാനിമോൾ ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഷാനിമോളിനെയും വി ടി ബൽറാമിനെയും വളരെ ആസൂത്രിതമായാണ് കെസി പക്ഷം വെട്ടിയത്. തുളസിയെ ഇറക്കിയുള്ള ഒറ്റ നീക്കത്തിൽ ആ തന്ത്രം വിജയിച്ചു. പാലക്കാട് നിന്നുള്ള മന്ത്രി, സ്ത്രീ പ്രാതിനിധ്യം എല്ലാം തുളസിക്ക് അനുകൂലമായി മാറി. ഒപ്പം ഷാനിമോളിൽ നിന്നും തുളസി വന്നതോടെ മന്ത്രി പദവി അകന്നു. ഷാനിമോളിനായി വി ഡി സതീശനും അൻവര്‍ സാദത്തിനായി രമേശ് ചെന്നിത്തലയും അവസാന നിമിഷം വരെ പരിശ്രമിച്ചെങ്കിലും എഐസിസി ആശീര്‍വാദത്തോടെ ടി സിദ്ദിഖ് മന്ത്രി സ്ഥാനം കൊണ്ട് പോയി.
അതേസമയം, ദേവന്‍റെ സ്വത്ത് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും കെ മുരളീധരൻ പ്രതികരിച്ചു. മന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ വകുപ്പിന്റെ പേരിൽ ഇടഞ്ഞ കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യ വകുപ്പും ദേവസ്വം വകുപ്പും നൽകിയാണ് അനുനയിപ്പിച്ചത്. ശബരിമല സ്വർണകൊള്ളയിൽ നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ തുടർഅന്വേഷണം വേണ്ടിവരുമെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദേവസ്വത്തിൽ നിന്നും ഭഗവാൻ്റെ സ്വത്ത് കട്ടെടുക്കാൻ അനുവദിക്കില്ല.മുഖ്യമന്ത്രി നൽകുമെന്ന് പറഞ്ഞ വകുപ്പ് തന്നെ നൽകിയെന്നും മറ്റ് വകുപ്പുകൾ സംബന്ധിച്ച് പുറത്തുവന്നത് തെറ്റായ റിപ്പോർട്ടുകളാണെന്നുമാണ് കെ മുരളീധരൻ വിശദമാക്കുന്നത്. ശബരിമല സ്വർണകൊളളയിൽ തുടർ അന്വേഷത്തിനൊരുങ്ങുകയാണ് വി ഡി സർക്കാരെന്ന സൂചനയാണ് കെ മുരളീധരൻ നൽകുന്നത്. കാസർഗോഡ്, കോഴിക്കോട്,പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്ന് മന്ത്രിമാരില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam