'രാഷ്ട്രീയത്തിൽ ഒന്നും സ്ഥിരമല്ല', ജോസിന് മുന്നിൽ വാതിലടയ്ക്കാതെ പിണറായിയും ഇടതും

By Web TeamFirst Published Jun 29, 2020, 8:32 PM IST
Highlights

''യുഡിഎഫ് അവരുടെ നിലപാട് വ്യക്തമാക്കിയല്ലോ. ജോസ് കെ മാണിയെയും അദ്ദേഹത്തിന്‍റെ പാർട്ടിയെയും ഒരു നിലപാടുമില്ലാത്തവരായി ചിത്രീകരിക്കേണ്ടതില്ല'', എന്ന് മുഖ്യമന്ത്രി. ഇടത് മുന്നണിയിലേക്കാകും ഇനി സ്വാഭാവികമായും ജോസ് കെ മാണിയുടെ നോട്ടം എന്നതിനാൽ, വാതിലുകളടയ്ക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് പുറത്താക്കിയ ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് വന്നാൽ സ്വീകരിക്കുമോ? ഒരു തരത്തിലും ജോസ് കെ മാണി വിഭാഗത്തെ തള്ളിപ്പറയുകയോ വാതിലടയ്ക്കുകയോ ചെയ്യാതെ, വളരെ ശ്രദ്ധാപൂർവമാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരുടെ ഈ ചോദ്യത്തിന് മറുപടി പറഞ്ഞത്. രാഷ്ട്രീയത്തിൽ ഒരു കാര്യവും എല്ലാക്കാലത്തേക്കുമായി ഇല്ലെന്ന് പറഞ്ഞ പിണറായി, ഒരു നിലപാടുമില്ലാത്തവരായി ജോസ് കെ മാണിയെയും അദ്ദേഹത്തിന്‍റെ പാർട്ടിയെയും ചിത്രീകരിക്കേണ്ടതില്ല എന്നും വ്യക്തമാക്കി.

''ഇത് യുഡിഎഫിനകത്തുണ്ടായ ആഭ്യന്തരകാര്യമാണ്. ഇനി അവരൊരു നിലപാട് ഇതിൽ സ്വീകരിക്കേണ്ടതുണ്ട്. നിലവിൽ അവരിനി മുന്നണിക്കൊപ്പമില്ലെന്ന നിലപാടാണല്ലോ യുഡിഎഫ് സ്വീകരിച്ചത്. ഇക്കാര്യത്തെ സംബന്ധിച്ച് പ്രത്യേകിച്ച് ഒന്നും ഇതുവരെ ഇടത് മുന്നണി ആലോചിച്ചിട്ടില്ല. 

രാഷ്ട്രീയത്തിൽ ഒന്നും, ഒരു കാര്യവും എല്ലാക്കാലത്തേക്കും ഉള്ളതല്ല. ജോസ് കെ മാണി പക്ഷത്തെയും അവരുടെ പാർട്ടിയെയും ഒരു നിലപാടില്ലാത്തവരായി ചിത്രീകരിക്കേണ്ടതുമില്ല. എല്ലാം ആലോചിക്കാം, വരട്ടെ'', എന്നാണ് പിണറായി വ്യക്തമാക്കിയത്.

ആദ്യം ജോസ് കെ മാണി എന്താണ് നയം എന്ന് വ്യക്തമാക്കട്ടെ എന്ന് പറഞ്ഞാണ് ഇടത് മുന്നണി കേരളാ കോൺഗ്രസ് ജോസ് പക്ഷത്തിന്‍റെ മുന്നണി പ്രവേശത്തോട് പ്രതികരിക്കുന്നത്. യുഡിഎഫ് പുറത്താക്കിയതോടെ രക്തസാക്ഷി പരിവേഷവുമായി  ഇടതു മുന്നണിയോട് അടുക്കാന്‍ ജോസ് കെ മാണി ശ്രമിച്ചേക്കുമെന്നതിൽ സംശയമില്ല. ജോസിനെ ഇടത് പാളയത്തില്‍ എത്തിക്കാതെ തിരിച്ചുകൊണ്ടു വരണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്ലീം ലീഗിനും ആഗ്രഹമുണ്ടെങ്കിലും ജോസ് കെ മാണി ഇനി വഴങ്ങില്ലെന്നാണ് സൂചന. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കാനായതോടെ യുഡിഎഫില്‍ സ്വാധീനമുറപ്പിക്കാനായെന്ന വിലയിരുത്തലിലാണ് ജോസഫ് വിഭാഗം

ബദ്ധവൈരിയായ പിജെ ജോസഫുമായി ജോസ് കെ മാണിക്ക് മുന്നണിയില്‍ ഒരുമിച്ചു പോകാനാകില്ലെന്ന് പാലാ ഉപതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന് ബോധ്യമായതാണ്. തമ്മില്‍ തല്ലുന്ന കേരള കോണ്‍ഗ്രസില്‍ ആരെ തള്ളുമെന്നതായിരുന്നു കോണ്‍ഗ്രസിനു മുന്നിലെ ചോദ്യം. 

ഒരുമിച്ച് നീങ്ങാന്‍ ഇരു കൂട്ടരുമായി മുസ്ലീംലീഗ് നടത്തിയ ശ്രമവും പാളിയതോടെയാണ് കോണ്‍ഗ്രസ് നിര്‍ണ്ണായക തീരുമാനം എടുത്തത്. മുതിര്‍ന്ന നേതാവായ  ജോസഫിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് ജോസ് കെ മാണി വിഭാഗത്തിന് അപ്രതീക്ഷിത ആഘാതമായി. യുഡിഎഫിനെ കെട്ടിപ്പടുത്ത കെ എം മാണിയുടെ സ്മരണ ഉയര്‍ത്തിയാണ് ജോസ് കെ മാണി പുറത്താക്കല്‍ നടപടിയെ നേരിടുന്നത്.

''പുറത്താക്കിയത് കെ എം മാണിയുടെ രാഷ്ട്രീയത്തെയാണ്. തള്ളിപ്പറഞ്ഞത് യുഡിഎഫിനെ കെട്ടിപ്പടുത്ത മാണിസാറിനെയാണ്'', എന്ന് ജോസ് കെ മാണി പറയുമ്പോഴും കോൺഗ്രസ് അത് കാര്യമായി എടുക്കുന്നില്ല.

ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് വാതിലുകള്‍ പൂര്‍ണ്ണമായും അടഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുമ്പോഴും ഇനിയങ്ങോട്ടില്ലെന്ന വികാരമാണ് ജോസ് പക്ഷത്തിനുള്ളത്. യുഡിഎഫില്‍ നിന്നും രക്തസാക്ഷി പരിവേഷവുമായി പുറത്തുവന്ന് ഇടതു മുന്നണിക്കൊപ്പം കൈകോര്‍ക്കാനാകും ഇനി ജോസ് കെ മാണിയുടെ ശ്രമം. ഭരണത്തുടർച്ചയെന്ന ലക്ഷ്യവുമായി നീങ്ങുന്ന ഇടത് മുന്നണിയും ഈ അവസരം ഉപയോഗിച്ചേക്കും. ബിജെപിയും ജോസ് കെ മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് വിടാന്‍ ആഗ്രഹിക്കാത്ത ജോസ് പക്ഷനേതാക്കളെ കൂടെ കൂട്ടാന്‍ ജോസഫ് വിഭാഗവും ശ്രമിക്കുന്നുണ്ട്.

click me!