'മിനിമം കൂലി നിയമം നടപ്പാക്കണം'; കിറ്റെക്‌സിന് നല്‍കിയ നോട്ടീസ് മരവിപ്പിച്ചു

By Web TeamFirst Published Jul 7, 2021, 3:37 PM IST
Highlights

2019 ലെ മിനിമം കൂലി ശുപാര്‍ശകൾ നടപ്പാക്കിയില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു നോട്ടീസ്. 

കൊച്ചി: പരിഷ്കരിച്ച മിനിമം കൂലി നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സിന്  നൽകിയ നോട്ടീസിൽ നിന്ന് തൊഴിൽ വകുപ്പ് പിന്മാറി. ശുപാര്‍ശകൾ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തെന്ന് ചൂണ്ടികാട്ടി കിറ്റെക്സ് കത്ത് നൽകിയതിന് പിറകെയാണ് പിൻമാറ്റം. കഴിഞ്ഞ ജൂൺ എട്ടാം തിയതിയാണ് പെരുമ്പാവൂര്‍ അസിസ്റ്റന്‍റ് ലേബർ ഓഫീസർ കിഴക്കമ്പലത്തെ കിറ്റെക്സിൽ പരിശോധന നടത്തിയത്. 2019 ൽ പരിഷ്ക്കരിച്ച മിനിമം കൂലി തൊഴിലാളികൾക്ക് നൽകുന്നില്ലെന്ന് കണ്ടെത്തി നോട്ടീസ് നൽകുകയും ചെയ്തു.  

15 ദിവസത്തിനുള്ളിൽ 2026 തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കി രേഖകള്‍ ഹാജരാക്കാനായിരുന്നു നിർദ്ദശം. എന്നാൽ പരിഷ്ക്കരിച്ച മിനിമം കൂലി വേതനം ഹൈക്കോടതി മാര്‍ച്ച് 26ന് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്തതാണെന്നും അസിസ്റ്റന്റ് ലേബർ ഓഫീസറുടെ നടപടി കോടതിയലക്ഷ്യമാണെന്നും കാണിച്ച് കിറ്റെക്‌സ് മാനേജ്മെന്‍റ് ലേബർ സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ്  തൊഴിൽ വകുപ്പ്  നോട്ടീസ് മരവിപ്പിച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചത്. 

ഹൈക്കോടതിയുടെ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ തുടര്‍ നടപടികളുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കിറ്റെക്സിനെ തകർക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ ഇനിയെങ്കിലും  സർക്കാർ നടപടിയെടുക്കണമെന്ന് ചെയർമാൻ സാബു എം ജേക്കബ് പറഞ്ഞു. നേരത്തെ ജില്ലാ വ്യവസായ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും കിറ്റെക്സിന് അനുകൂലമായ റിപ്പോർട്ടാണ് സർക്കാരിന് നൽകിയത്. എന്നാൽ 3500 കോടിയുടെ പദ്ധതിയിൽ നിന്ന് പിന്മാറിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കിറ്റെക്സ്. കിറ്റെക്സുമായി സഹകരിക്കാൻ താല്‍പ്പര്യം അറിയിച്ച ഒന്‍പത് സംസ്ഥാനങ്ങളുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും.

 

click me!