
കൊച്ചി; കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് മരിയാർ ഭൂതം കൊച്ചിയിൽ പിടിയിൽ. ചെന്നൈയിലും കേരളത്തിലെ വിവിധ ജില്ലകളിലുമായി മോഷണം നടത്തി വന്ന പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പാലാരിവട്ടത്തെ സ്ഥാപനത്തിൽ നിന്ന് 1,10000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
40 വർഷത്തിലധികമായി വലുതും ചെറുതുമായ 400 ലധികം മോഷണങ്ങൾ നടത്തിയ ഇയാള്‍ക്കെതിരെ 60 ലേറെ കേസുകളുണ്ട്. വർഷങ്ങളോളം തമിഴ്നാട്ടിലും കേരളത്തിലും പോണ്ടിച്ചേരിയിലുമായി സെൻട്രൽ ജയിലുകളിൽ തടവുശിക്ഷ, 63 വയസുകാരനായ മരിയാർ പൂതം എന്ന ഗോപിയുടെ മോഷണചരിത്രം ഇങ്ങനെ പോകും.
2018 നവംബറിൽ പോണ്ടിച്ചേരിയിൽ നിന്ന് ശിക്ഷ പൂർത്തിയാക്കി കേരളത്തിലെത്തിയ പ്രതി എറണാകുളം സൗത്ത് ഭാഗത്തെ ലോഡ്ജിൽ ഒളിവിൽ കഴിയവേയാണ് പൊലീസിന്‍റെ പിടിയിലായത്. കേരളത്തിലെത്തിയ ശേഷം തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്ന ഇയാള്‍ ഒരു മാസമായി എറണാകുളത്തെത്തിയിട്ട്.
പകൽ സമയം ലോഡ്ജിൽ കഴിച്ചു കൂട്ടി രാത്രി കാലങ്ങളിൽ മോഷ്ടിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്പോർട്സ് ബൈക്കിൽ കറങ്ങി നടന്നായിരുന്നു മോഷണം. കൊച്ചി സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം നടത്തിയ പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടർന്ന് രാത്രികാല പെട്രോളിംഗ് പൊലീസ് ശക്തമാക്കി. തുടർന്ന് നടന്ന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് വാഹനം നിർത്താതെ പോയ മരിയാർഭൂതത്തെ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇയാളുടെ മുറിയിൽ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി, സ്ക്രൂ ഡ്രൈവറുകള് എന്നിവ കണ്ടെടുത്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും പ്രതിക്കെതിരെ കേസുള്ളതിനാൽ കൂടുതൽ തുടരന്വേഷണം പ്രതിക്കെതിരെ നടത്താനാണ് പൊലീസ് നീക്കം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam