
കണ്ണൂര്‍: മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഇരുപതാം ചരമവാർഷികം ഇന്ന്. കണ്ണൂർ പയ്യാമ്പലം നായനാരുടെ സ്മൃതി കുടിരത്തിൽ രാവിലെ എട്ട് മണിക്ക് പുഷ്പാർച്ചന നടക്കും. നായനാർ അക്കാദമിയിലെ അനുസ്മരണ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ബർണശ്ശേരിയിലെ നായനാർ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നായനാരുമായി സംസാരിക്കാം എന്നതാണ് പ്രത്യേകത. അദ്ദേഹത്തിന്റെ ജന്മനാടായ കല്യാശ്ശേരിയിലും വൈകിട്ട് അനുസ്മരണ പരിപാടികൾ നടക്കും. 20 വർഷംമുമ്പ് 2004 മേയ് 19 നാണ് നായനാര്‍ വിട്ടുപിരിഞ്ഞത്.
സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ നായനാര്‍ ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിൽ എത്തി. കല്യാശേരി ഹയർ എലിമെന്ററി സ്കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. 1940നു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും തുടർന്ന്, കമ്യൂണിസ്റ്റ് പാർടിയിലും എത്തിച്ചേർന്നു.
സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽ വാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവന്നശേഷം മൊറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി. കെ പി ആറിനൊപ്പം മൊറാഴ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ കർണാടകത്തിൽ ഈ ഘട്ടത്തിൽ ഒളിവിൽ പോയി.
കയ്യൂർ സമരത്തിലും നായനാർ പ്രതിയായി. ഇക്കാലയളവിലാണ് സുകുമാരൻ എന്ന വ്യാജപ്പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു. റിവിഷനിസത്തിന് എതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. 1970ൽ സിപിഎം മുഖമാസികയായി ചിന്ത മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു. സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ൽ നായനാർ സംസ്ഥാന സെക്രട്ടറിയായി. 1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞു. സിപിഎം രൂപീകരണകാലം മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന നായനാർ 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പാർട്ടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam