വാര്‍ഡ് വിഭജന ബില്ലിന് കരടായി; ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളം നടപ്പാക്കില്ല

By Web TeamFirst Published Jan 20, 2020, 9:52 AM IST
Highlights

നിയമസഭാ സമ്മേളനം ഈ മാസം മുപ്പത് മുതൽ. വാര്‍ഡ് വിഭജന ബില്ലിന്‍റെ  കരട് മന്ത്രിസഭ അംഗീകരിച്ചു. 

തിരുവനന്തപുരം: ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം. തീരുമാനം സെൻസസ് ഡയറക്ടറെ അറിയിക്കും. ഈ മാസം മുപ്പത് മുതൽ നിയമസഭ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന തീരുമാനവുമായി മുന്നോട്ട് പോകാൻ തന്നെയാണ് സര്‍ക്കാര്‍ പദ്ധതി. വാര്‍ഡ് വിഭജന ബില്ലിന്‍റെ കരടിനും മന്ത്രിസഭ അംഗീകാരം നൽകി. 

ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനങ്ങൾ എടുത്തത്. ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്റും കേരളത്തിൽ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം മന്ത്രിസഭാ യോഗവും അംഗീകരിച്ചിരിക്കുകയാണ്. അതേസമയം സെൻസസ് നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനം ആയിട്ടുണ്ട്. ജനന തിയ്യതി മാതാ പിതാക്കളുടെ വിവരം എന്നിവ ഒഴിവാക്കും. ഇത് അനാവശ്യമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. 

തദ്ദേശ വാര്‍ഡുകൾ വിഭജിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ തീരുമാനം എടുത്തിട്ടില്ല. ഓര്‍ഡിനൻസിൽ ഒപ്പിടാനോ തിരിച്ചയ്കാനോ ഗവര്‍ണര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരും ഗവര്ഡണറും തമ്മിൽ തര്‍ക്കം നിലനിൽക്കെ ഓര്‍ഡിനൻസിലെ അതേ കാര്യങ്ങൾ തന്നെ ഉൾപ്പെടുത്തിയാണ് ബില്ല് തയ്യാറാക്കിയിട്ടുള്ളത്.

20 ദിവസമായി തുടരുന്ന പ്രതിസന്ധിക്ക് ബദൽ എന്ന നിലയിലാണ് ബില്ലിന്‍റെ കരട് തയ്യാറാക്കിയിട്ടുള്ളത്. ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. 30 മുതൽ നിയമസഭാ സമ്മേളനം തുടങ്ങാനുള്ള ശുപാര്‍ശയും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. 

click me!