മൂന്ന് ഡോസ് വാക്സീൻ എടുക്കാൻ മാർഗ നിർദ്ദേശമില്ല, കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രം, പ്രവാസികൾക്ക് തിരിച്ചടി

By Web TeamFirst Published Aug 17, 2021, 12:03 PM IST
Highlights

അധിക വാക്സീൻ എടുക്കാൻ അനുമതി തേടി കേരളാ ഹൈക്കോടതിയിൽ കണ്ണൂർ സ്വദേശിയും പ്രവാസിയുമായ ഗിരികുമാർ  സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

കൊച്ചി: രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് മൂന്നാമതും വാക്സീൻ നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഒരാൾ രണ്ടിൽ കൂടുതൽ വാക്സീൻ സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര മാർഗരേഖ ഇല്ലെന്നും ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നുമാണ്  നിലപാട്. അധിക ഡോസ് വാക്സീൻ സ്വീകരിക്കാൻ അനുമതി തേടി കണ്ണൂർ സ്വദേശി നൽകിയ ഹർജിയിൽ ആണ് നിലപാട് വ്യക്തമാക്കിയത്.

രണ്ട് ഡോസ് കൊവാക്സീൻ എടുത്ത കണ്ണൂർ സ്വദേശി ഗിരികുമാർ ആണ് സൗദി അറേബ്യയിലേക്ക് പോകാൻ വിദേശ രാഷ്ട്രങ്ങൾ അംഗീകരിച്ച മൊറ്റൊരു വാക്സീൻ  കൂടി സ്വീകരിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. വാക്സീൻ സ്വീകരിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ ജോലി നഷ്ടമാകുമെന്നും നിരവധി പേർക്ക് സമാന പ്രശ്നമുണ്ടെന്നും ഹർ‍ജിക്കാരൻ  കോടതിയെ അറിയിച്ചു. 

എന്നാൽ ഒരാൾക്ക് രണ്ട് ഡോസിൽ കൂടുതൽ വാക്സീൻ നൽകാൻ നിലവിൽ അന്താരാഷ്ട്ര തലത്തിൽ  മാ‍ർ‍ഗരേഖയില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾക്ക് അടക്കം സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തിൽ മറ്റ് പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഈ സഹാചര്യത്തിൽ ഹർജിക്കാരന്‍റെ ആവശ്യം പരിഗണിക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. സ്വന്തം ഇഷ്ടപ്രകാരമാണല്ലോ ഇത്തരം ആവശ്യം ഹ‍ജിക്കാരൻ ഉന്നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു. എന്നാൽ ഈ ആവശ്യം പരിഗണിച്ചാൽ കൂടുതൽ പേർ സമാന ആവശ്യവുമായി കോടതിയിൽ എത്തിയേക്കാമെന്ന് കേന്ദ്രം അറിയിച്ചു.

8 വർഷമായി സൗദി അറേബ്യയിൽ വെൽഡർ ആയി ജോലി ചെയ്യുന്ന ഗിരികുമാർ കഴിഞ്ഞ ജനുവരിയിലാണ് നാട്ടിലെത്തി കൊവാക്സീൻ  സ്വീകരിച്ചത്.എന്നാൽ കൊവാക്സീൻ സൗദി അറേബ്യയിൽ അംഗീകാരമില്ലാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!