'ന്നാ പിന്നെ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെ', വെല്ലുവിളിച്ച് സുകുമാരൻ നായർ; പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിൽ ചട്ടലംഘനമെന്ന ആരോപണമടക്കം തള്ളി

Published : Jun 20, 2026, 10:34 PM IST
NSS fight Sukumaran Nair vs KB Ganesh Kumar

Synopsis

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കപ്പെട്ട കെബി ഗണേഷ് കുമാറിൻ്റെ ആരോപണങ്ങൾ തള്ളി ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിൽ ചട്ടലംഘനമുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുത്ത് തെളിയിക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു

കോട്ടയം: എൻ എസ് എസ് ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കപ്പെട്ട മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പത്തനാപുരത്തെ താലൂക്ക് യൂണിയൻ പിരിച്ചു വിട്ടതിൽ അടക്കം ജനാധിപത്യ വിരുദ്ധ തീരുമാനങ്ങളുണ്ടെന്ന ഗണേഷിന്‍റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ സുകുമാരൻ നായർ, എന്നാ പിന്നെ ഗണേഷ് കേസ് കൊടുക്കട്ടെ എന്നും പ്രതികരിച്ചു. പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുത്ത് തെളിയിക്കട്ടെ എന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി വെല്ലുവിളിച്ചു. നേരത്തെ ഡയറക്ടർ ബോർഡ്‌ സ്ഥാനത്ത് നിന്ന് നീക്കിയതിൽ പരാതി ഇല്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് ഗണേഷ് കുമാർ, എൻ എസ് എസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. സംഘടനയ്ക്ക് ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടെന്ന് അഭിപ്രായപ്പെട്ട ഗണേഷ്, പത്തനാപുരം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെട്ടതിൽ കടുത്ത അമർഷവും പ്രകടിപ്പിച്ചിരുന്നു. ഏകാധിപത്യപരമായ നിലപാടാണ് പത്തനാപുരത്തെ കാര്യത്തിൽ എൻ എസ് എസ് നേതൃത്വം സ്വീകരിച്ചതെന്നതടക്കമുള്ള ആരോപമങ്ങളാണ് ഗണേഷ് ഉയർത്തിയത്. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുമായി എൻ എസ് എസ് ആസ്ഥാനത്ത് എത്തിയിട്ട് പോലും പരിഗണിച്ചില്ല എന്നും ഗണേഷ് വിവരിച്ചിരുന്നു.

പത്മകഫെയിൽ തുടങ്ങിയ തർക്കം, ഒടുവിൽ പുറത്ത്

കാൽനൂറ്റാണ്ട് കാലത്തോളം എം എൽ എ ആയിരിക്കുമ്പോഴും മന്ത്രിയായിരിക്കുമ്പോഴും എൻ എസ് എസ് നേതൃനിരയുടെ മുഖമായിരുന്ന കെ ബി ഗണേഷ് കുമാർ ഒടുവിൽ ഇന്നാണ് സമുദായത്തിന്റെ പരമോന്നത സമിതിയിൽ നിന്ന് പുറത്തായത്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും ഗണേഷ്‌ കുമാറും അടക്കം 9 ഡയറക്ടർ ബോർഡ് അംഗങ്ങളുടെ കാലാവധിയാണ് കഴിഞ്ഞദിവസം കഴിഞ്ഞത്. ഇതിൽ ഗണേഷ് കുമാർ ഒഴികെ എട്ട് പേർക്കും അംഗത്വം പുതുക്കി നൽകി. കുന്നത്തൂർ എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി ആർ കെ ബാബുവിനെയാണ് ഗണേഷ് കുമാറിനു പകരം ഡയറക്ടർ ബോർഡിൽ എടുത്തത്. കഴിഞ്ഞ കുറെ നാളുകളായി എൻ എസ് എസ് നേതൃത്വം ആയി ഇടഞ്ഞുനിൽക്കുകയാണ് ഗണേഷ് കുമാർ. പത്തനാപുരത്തെ പത്മകഫെ നിർമ്മാണത്തിലെ അഴിമതി ആരോപണവും ഇതിനെ തുടർന്ന് താലൂക്ക് യൂണിയൻ അംഗങ്ങൾ ഭൂരിഭാഗം രാജിവച്ചതും പിന്നീട് ഉണ്ടായ വിവാദങ്ങളുമാണ് ഗണേഷിനെ എൻ എസ് എസ് ജനറൽ സെക്രട്ടറിയിൽ നിന്ന് അകറ്റിയത്. പല തവണ ഗണേഷ് കുമാർ, സുകുമാരൻ നായരുമായി അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിന് പിന്നാലെ ആണിപ്പോൾ ഡയറക്ടർ ബോർഡ്‌ സ്ഥാനം കൂടി തെറിച്ചത്. അതേസമയം ഗണേഷിനെ ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയത് പത്തനാപുരം എൻ എസ് എസ് താലൂക്ക് യൂണിയൻ ആഘോഷമാക്കി. അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്‍റ് കരിക്കത്തിൽ തങ്കപ്പൻപിള്ളയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തായിരുന്നു ആഘോഷം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുട്ടിയുടെ ജീവൻപോലും അപകടപ്പെടുത്തുന്ന ബുള്ളറ്റ് യാത്ര, നിയമങ്ങൾ കാറ്റിൽ പറത്തി യുവാവ്; ഹെല്‍മെറ്റും ധരിച്ചില്ല
കുപ്പികളുടെ കുറവ് സർക്കാരിനെ അറിയിച്ചില്ല, 'ജവാൻ' നിർമാണം തടസ്സപ്പെട്ടതിൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി; 'നിർമാണം ഉടൻ പുനരാരംഭിക്കും'