സാമുദായിക ഐക്യത്തിൽ നിന്നുള്ള എൻഎസ്എസ് പിന്മാറ്റത്തിൽ കോൺഗ്രസ് നേതാക്കളുടെ ഇടപെടലും; 'രാഷ്ട്രീയ ലക്ഷ്യത്തിലെ ആശങ്ക പ്രകടിപ്പിച്ചു'

Published : Jan 26, 2026, 03:26 PM IST
nss congress

Synopsis

സാമുദായിക ഐക്യ നീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയതിന് പിന്നിൽ കോൺഗ്രസ് നേതാക്കളുടെ ഇടപെടലുണ്ടായതായി സൂചന. തുഷാർ വെള്ളാപ്പള്ളി ദൂതനായുള്ള നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് പിന്മാറ്റത്തിന് പ്രധാന കാരണം

തിരുവനന്തപുരം: സാമുദായിക ഐക്യ നീക്കത്തിൽ നിന്നുള്ള എൻ എസ് എസിന്റെ പെട്ടെന്നുള്ള പിന്മാറ്റത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളുടെ ഇടപെടലും നിർണായകമായി. ഐക്യശ്രമങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ താല്പര്യങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ എൻ എസ് എസിന് മുന്നറിയിപ്പ് നൽകി. ഇതിനൊപ്പം തന്നെ ഡയറക്ടർ ബോർഡിലുള്ള ഐക്യ നീക്കത്തെ എതിർക്കുന്ന ഒരു വിഭാഗം നേതാക്കളുമായി കോൺഗ്രസിലെ ഉന്നതർ ചർച്ച നടത്തിയെന്നും സൂചനയുണ്ട്. തുഷാർ വെള്ളാപ്പള്ളി ദൂതനായുള്ള നീക്കം എൻ ഡി എക്കും ബി ജെ പിക്കും രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന ആശങ്കയടക്കം കോൺഗ്രസ് പങ്കുവെച്ചതായാണ് വ്യക്തമാകുന്നത്. ഇത് കൂടി പരിഗണിച്ചാണ് സാമുദായിക ഐക്യ നീക്കത്തിൽ നിന്നും അതിവേഗത്തിൽ പിന്മാറാൻ എൻ എസ് എസ് തയ്യാറായതെന്നാണ് സൂചന.

എൻ എസ് എസ് പിന്മാറ്റത്തിൽ ഞെട്ടി എസ് എൻ ഡി പി

സാമുദായിക ഐക്യ നീക്കത്തിൽ നിന്നുള്ള എൻ എസ് എസിന്‍റെ പിന്മാറ്റം എസ് എൻ ഡി പി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് വ്യക്തം. എൻ എസ് എസിന്‍റെ പിന്മാറ്റ തീരുമാനം വന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും ഇനിയും പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യത്തോട് ഇക്കാര്യത്തിൽ ഒന്നും മിണ്ടാതെയാണ് ഇരുവരും കടന്നുപോയത്. എൻ എസ് എസ് നിലപാടിനോട് തൽക്കാലം പ്രതികരിക്കാൻ ഇല്ലെന്നാണ് വെള്ളാപ്പള്ളിയും തുഷാറും വ്യക്തമാക്കിയത്. തുഷാർ എത്തിയതിന് ശേഷം ഡയറക്ടർ ബോർഡ് യോഗം ചേരുമെന്നും അതിനുശേഷം മാത്രമായിരിക്കും പ്രതികരണം എന്നുമാണ് വെള്ളാപ്പള്ളി അറിയിച്ചിട്ടുള്ളത്. അതുവരെ ഇക്കാര്യത്തിൽ മറ്റു പ്രതികരണങ്ങൾ ഉണ്ടാവില്ലെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. എൻ എസ് എസിന്‍റെ പിന്മാറ്റത്തിൽ പ്രതികരണം പിന്നീടെന്നാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്.

ഐക്യ നീക്കം പൊളിയാൻ കാരണം 'തുഷാർ ദൂതൻ'

പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എസ് എൻ ഡി പി - എൻ എസ് എസ് സംഘടനകൾ സാമുദായിക ഐക്യത്തിന്‍റെ കാഹളം മുഴക്കിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ രൂക്ഷ വിമർശനങ്ങളുയർത്തുന്നതിനിടെയായിരുന്നു എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും കൈകോർക്കാൻ തീരുമാനിച്ചത്. സാമുദായി ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യം എന്നായിരുന്നു ഇരുവരുടെയും പക്ഷം. ജനുവരി 18 ന് കേരളമാകെ ആ ഐക്യകാഹളവും കേട്ടു. സുകുമാരൻ നായരും വെള്ളാപ്പള്ളിയും ഒരേ സ്വരത്തിൽ സാമുദായിക ഐക്യത്തിന് ആഹ്വാനം ചെയ്തു. ഇതോടെ 16 വർഷത്തിന് ശേഷം എൻ എസ് എസും എസ് എൻ ഡി പിയും കൈകോർക്കും എന്നും ഏവരും ഉറപ്പിച്ചു. എന്നാൽ കേവലം എട്ട് ദിവസം പിന്നിടുമ്പോൾ ഐക്യനീക്കം തകർന്നടിഞ്ഞതിനാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. സാമുദായിക ഐക്യനീക്കം തകരാൻ ഒരേ ഒരു കാരണമെന്നാണ് എൻ എസ് എസും ജനറൽ സെക്രട്ടറി സുകുമാരൻ നായരും പറയുന്നത്. ഐക്യത്തിന്‍റെ ദൂതനായി വെള്ളാപ്പള്ളി മകൻ തുഷാറിനെ നിയോഗിച്ചതിലെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞാണ് എൻ എസ് എസ് പിന്മാറുന്നതെന്ന് ജനറൽ സെക്രട്ടറി തുറന്നടിച്ചു. ഐക്യ ദൂതുമായി പെരുന്നയിൽ തുഷാർ എത്തിയാൽ മകനെ പോലെ സ്വീകരിക്കുമെന്ന് ആദ്യം പറഞ്ഞ സുകുമാരൻ നായർ തന്നെ ഐക്യനീക്കം ഉപേക്ഷിക്കാൻ നേരിട്ട് പ്രമേയം അവതരിപ്പിച്ചതും അതുകൊണ്ടാണ്. ബി ജെ പി മുന്നണിയായ എൻ ഡി എയുടെ പ്രമുഖ നേതാവായ തുഷാർ, തെരഞ്ഞെടുപ്പ് കാലത്ത് സാമുദായിക ഐക്യദൂതുമായി എത്തുന്നതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്ന് പറഞ്ഞുകൊണ്ടാണ് സുകുമാരൻ നായർ പിന്മാറ്റം പ്രഖ്യാപിച്ചത്. രാഷ്ട്രീയമായ ചായ്‌വുകൾ സംഘടനയുടെ സ്വതന്ത്ര നിലപാടിനെ ബാധിക്കുമെന്നും സമദൂരമെന്ന ആശയത്തിന് വെല്ലുവിളിയാണെന്നും എൻ എസ് എസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെള്ളാപ്പള്ളിക്ക് കുത്ത്; വിഎസിനും മമ്മൂട്ടിക്കും വിമലാ മേനോനും പത്മാ പുരസ്കാരം നൽകിയത് സ്വാഗതാര്‍ഹമെന്ന് കെ മുരളീധരൻ
പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി; സ്ഥലത്ത് നിന്നും കമ്പിവടി കണ്ടെടുത്തു, പൊലീസ് അന്വേഷണം