
കോട്ടയം: വിഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയിൽ ഇടപെടേണ്ടെന്നാണ് സതീശൻ പറഞ്ഞതെന്നും അങ്ങനെയെങ്കിൽ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരൻ നായര്‍ തുറന്നടിച്ചു. സതീശന്‍റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്നും സതീശൻ പറഞ്ഞത് അബദ്ധം ആണെന്ന് പരസ്യമായി പറയണമായിരുന്നു. ഇനി ഇക്കാര്യത്തിൽ ഒന്നും നടക്കില്ല. അയാള്‍ ഒരുപാട് വരമ്പ് ചാടി കഴിഞ്ഞു. ഇടക്ക് ഒരു ധൂതനെ അയച്ചിരുന്നു. സതീശന്‍റെ സമുദായ നിഷേധ പരാമര്‍ശങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളതെന്നും രാഷ്ട്രീയക്കാര്‍ അല്ലാത്ത നായന്മാര്‍ ആരും എൻഎസ്എസ് തീരുമാനത്തിന് വിപരീതമാവില്ലെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. എൻഎസ്എസ് പിന്തുണ തേടി വിഡി സതീശൻ മുമ്പ് ഇവിടെ വന്നിട്ടുണ്ട്.
അപ്പോള്‍ പറവൂരിലെ എൻഎസ്എസ് നേതൃത്വത്തോട് വിഡി സതീശനെ പിന്തുണക്കണമെന്ന് ഫോണിൽ വിളിച്ച് താൻ പറഞ്ഞിരുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. എൻഎസ്എസിനെ പറ്റി ഒന്നും അറിയാത്ത ആളുകളാണ് വിഡ്ഢിത്തങ്ങള്‍ അടിച്ചുവിടുന്നത്. ഇത്തവണ പറവൂരിൽ സമുദായ അംഗങ്ങള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനമെടുക്കും. ആര് പെരുന്നയിൽ വന്നാലും കാണും. തന്‍റെ വീട്ടിലോട്ട് അലല്ലോ വരുന്നത്. ആരു ഭരിച്ചാലും എൻഎസ്എസിന് പ്രശ്നമില്ല. ആരുടെ മുന്നിലും യാചിക്കാനില്ല. നിയമപരമായി കിട്ടേണ്ടത് ഞങ്ങള്‍ക്ക് കിട്ടണം. അല്ലെങ്കിൽ കോടതിയിൽ പോകുമെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു.
നിലവിലെ സർക്കാർ ബിജെപിയെയാ കോൺഗ്രസ് പോലെയോ അല്ല. അവർ അവരുടെ രാഷ്ട്രീയത്തിലൂടെ ആണ് ജയിച്ചു വന്നത്. ഇപ്പോൾ മന്ത്രിസഭയിൽ എത്ര നായർ മന്ത്രിമാരുണ്ട്? നാടിന്റെ പുരോഗതിക്ക് കുറെ പങ്ക് വഹിച്ചത് സമുദായങ്ങളാണ്. ഭിന്നശേഷി സംവരണം എൻഎസ്എസ് നടപ്പിലാക്കി. അതിൽ ജാതി പോലും നോക്കുന്നില്ല. എല്ലാ മാനേജ്മെന്റുകളും ഇത് നടപ്പിലാക്കണമെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. എൻഎസ്എസ് ന്യൂനപക്ഷ വിരുദ്ധത പറയില്ലെന്നും എല്ലാ സമുദായ അംഗങ്ങളും എൻഎസ്എസിന് വേണ്ടപ്പെട്ടവരാണെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam