
തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സ്പീക്കര്‍ക്കെതിരെ തുടര്‍ പ്രക്ഷോഭത്തിന് ഒരുങ്ങി എൻഎസ്എസ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിലപാട് മയപ്പെടുത്തിയ സാഹച്യത്തിൽ സ്പീക്കറും തിരുത്തിന് തയ്യാറാകണമെന്നാണ് എൻഎസ്എസിന്‍റെ ആവശ്യം. രാഷ്ട്രീയ എതിരാളികളുടെ സംഘടിത നീക്കങ്ങൾ തിരിച്ചറിയുന്ന സിപിഎം ആകട്ടെ വിവാദം ഇനി കൈകാര്യം ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ്.
എൻഎസ്എസ് നിലപാടിന് പിന്തുണയുമായി എത്തിയ സമുദായ നേതൃത്വങ്ങൾ, വിശ്വാസ സംരക്ഷണം പറഞ്ഞ് നടത്തുന്ന സംഘടിത നീക്കങ്ങൾ, എല്ലാറ്റിനും പിന്നിൽ ഇടത് വിരോധത്തിന്‍റെ അടിത്തറയുണ്ടെന്ന് വിശ്വസിക്കുകയാണ് സിപിഎം. ഈ മുതലെടപ്പ് മുന്നിൽ കണ്ട് കൂടിയാണ് മിത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മയപ്പെട്ടത്. പക്ഷെ ഈ നിലപാട് മാറ്റത്തിൽ ഊന്നിയാണ് എൻഎസ്എസിന്റെ അടുത്ത നീക്കം. നിലപാട് തിരുത്താൻ സ്പീക്കര്‍ എഎൻ ഷംസീറും തയ്യാറാകണമെന്നാണ് എന്‍എസ്എസ് ആവശ്യപ്പെടുന്നത്. ഇതാവശ്യപ്പെട്ട് തുടര്‍ പ്രക്ഷോഭത്തിനാണ് എന്‍എസ്എസിന്‍റെ തീരുമാനം. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേര്‍ന്ന് പ്രക്ഷോഭത്തിന് രൂപം നൽകും.
അതിനിടെ, എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. എൻഎസ്എസ് നീക്കം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമെന്ന് മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. അതേസമയം, വിഴിമാറിയ വിവാദം ഇനി എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സിപിഎം ആശയക്കുഴപ്പമാണ്. തുടരെത്തുടരെയുള്ള പരസ്പര വിരുദ്ധ പ്രസ്ഥാവനകൾ ദോഷം ചെയ്തെന്നും സാമൂഹികമായും രാഷ്ട്രീയമായും ഭിന്നിപ്പുണ്ടാക്കുന്ന വിഷയത്തൽ ജാഗ്രതപാലിക്കാനുമാണ് പാര്‍ട്ടി ധാരണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...