Latest Videos

'മുന്നാക്ക സംവരണത്തിലെ സുപ്രീംകോടതിവിധി സംവരണ തത്വം അട്ടിമറിക്കും എന്ന വാദം തെറ്റ്' എൻഎസ്എസ് ജനറൽ സെക്രട്ടറി

By Web TeamFirst Published Nov 11, 2022, 11:35 AM IST
Highlights

സംവരണക്കാരിലെ സമ്പന്നരുടെ തട്ടിപ്പ് ഇതോടെ ഇല്ലാതാകും.ഏറെ നാളത്തെ പോരാട്ടത്തിന്‍റെ  വിജയമാണിതെന്നും ജി സുകുമാരന്‍ നായര്‍

എറണാകുളം:മുന്നാക്ക സംവരണത്തിലെ സുപ്രീംകോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി  ജി സുകുമാരൻ നായർ പറഞ്ഞു.ഏറെ നാളത്തെ പോരാട്ടത്തിന്‍റെ  വിജയമാണിത്.വിധി സംവരണ തത്വം അട്ടിമറിക്കും എന്ന വാദം തെറ്റ്.സംവരണക്കാരിലെ സമ്പന്നരുടെ തട്ടിപ്പ് ഇതോടെ ഇല്ലാതാകും.മറ്റു വിഷയങ്ങളിലൊന്നും പ്രതികരിക്കാനില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

കേന്ദ്ര സർക്കാരിൻറെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടന ബഞ്ചിൽ നിന്ന് നാലു വിധിപ്രസ്താവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചു. പിന്നാക്കം നില്ക്കുന്നവരെ കൈപിടിച്ച് ഉയർത്താനാണ് സംവരണം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരെ സഹായിക്കാനുള്ള അവകാശവും സർക്കാരിനുണ്ട്. അതിനാൽ ഇത് ഭരണഘടന തത്വങങ്ങൾക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. നിലവിലെ സംവരണം കിട്ടാത്തവർക്കാണ് പത്തു ശതമാനം സംവരണം. അതിനാൽ അമ്പതു ശതാനത്തിനു മുകളിൽ സംവരണം ഏർപ്പെടുത്തിയത് ഇന്ദ്ര സാഹ്നി കേസിലെ വിധിക്ക് എതിരല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി. നിലവിൽ സംവരണം ഉള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. ഇതിനോട് യോജിച്ച ജസ്റ്റിസ് ബേല എം ത്രിവേദി ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ സംവരണം പാടുള്ളു എന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ചു. സാമ്പത്തിക പിന്നാക്ക അവസ്ഥയും മാനദണ്ഡമാണെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പറഞ്ഞു.  ജസ്റ്റിസ് ജെബി പർദിവാലയും ഭൂരിപക്ഷ വിധിയോട് യോജിച്ചു.

സാമ്പത്തിക സംവരണത്തോട് വിജോജിപ്പില്ലെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിധിപ്രസ്താവത്തിൽ പറഞ്ഞു. എന്നാൽ എസ്സി, എസ്ടി, പിന്നാക്ക വിഭാഗങ്ങൾക്ക് ഇതിൻറെ ആനൂകൂല്യം നല്കാത്തത് മൗലിക അവകാശ ലംഘനമാണ്. സാമ്പത്തിക സംവരണത്തിൻറെ പരിധിയിൽ അവരെയും കൊണ്ടുവരണം അതിനാൽ ഭരണഘടന ഭേഗദതിയിലെ രണ്ട് വകുപ്പുകൾ റദ്ദാക്കുന്നു എന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. ജസ്റ്റിസ് രവീന്ദ്ര ഭട്ടിനോട് യോജിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് ഒടുവിൽ വ്യക്തമാക്കി.മൂന്ന് രണ്ട് എന്ന നിലയ്ക്ക് ഭൂരിപക്ഷ വിധിയിലൂടെ സാമ്പത്തിക സംവരണം സുപ്രീംകോടതി അംഗീകരിച്ചത് സർക്കാരിന് വിജയമായി. ബഞ്ചിന് നേതൃത്വം നല്കിയ ചീഫ് ജസ്റ്റിസ് ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്നത് അസാധാരണമാണ്., 

click me!