
കോഴിക്കോട്: നിപ രോഗിയെ പരിചരിച്ചതിലൂടെ രോഗം ബാധിച്ച് ചലനമറ്റ ശരീരവുമായി രണ്ടു വര്‍ഷത്തോളം ചികിത്സയിലായിരുന്ന നഴ്സ് ആശുപത്രി വിട്ടു. മംഗലൂരു സ്വദേശി ടിറ്റോയാണ്, ആശുപത്രി അധികൃതര്‍ ഒരുക്കിയ കോഴിക്കോട്ടെ വാടക വീട്ടിലേക്ക് മാറിയത്. നിപ ബാധയെത്തുടര്‍ന്നുണ്ടായ മസ്തിഷ്ക ജ്വരമാണ് ടിറ്റോയുടെ ജീവിതത്തെ മാറ്റി മറിച്ചത്.
മംഗലൂരൂവിലെ മലയാളി കുടുംബാംഗമായ ടിറ്റോ നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി കോഴിക്കോട് ഇഖ്ര ആശുപത്രിയിലാണ് ജോലി നേടിയത്. 2023 ഓഗസ്റ്റിലാണ് പനി ബാധിച്ചെത്തിയമരുതോങ്കര സ്വദേശിയെ ടിറ്റോ പരിചരിച്ചത്. മരണ ശേഷം ഇയാള്‍ക്ക് നിപ സ്ഥിരീകരിച്ചു. പിന്നാലെ ടിറ്റോയും രോഗ ബാധിതനായി. നിപ കാരണമുണ്ടായ ലേറ്റന്‍റ് എന്‍സഫലൈറ്റിസ് ടിറ്റോയെ പിടികൂടിയതോടെ 2022 ഡിസംബര്‍ 2ന് കോമയിലായി.രണ്ടു വര്‍ഷത്തോളം ഇഖ്ര ആശുപത്രിയിലെ മുറിയിലായിരുന്നു ടിറ്റോയുടെ ജീവിതം. കൂലിപ്പണി ഉപേക്ഷിച്ച് അഛനും അമ്മയും ചേട്ടനും ഒപ്പം നിന്നു. ചികിത്സക്കായി ഇതിനകം 80 ലക്ഷം രൂപയിലധികം ആശുപത്രി അധികൃതര്‍ ചെലവഴിച്ചു. ഒടുവില്‍ കുടുംബത്തിന്‍റെ കൂടെ താത്പര്യ പ്രകാരമാണ് ആശുപത്രിയുടെ തൊട്ടടുത്തുള്ള വാടക വീട്ടിലേക്ക് ടിറ്റോയെ മാറ്റിയത്. ടിറ്റോക്ക് കരുത്തായി ആശുപത്രി ജീവനക്കാര്‍ കൂടെ തന്നെയുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപയോളം കുടുംബത്തിന് അനുവദിച്ചിരുന്നു. ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ യും ടിറ്റോക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ടിറ്റോക്ക് ഇനിയും നടക്കണം, രോഗികളെ പരിചരിക്കണം, പൂര്‍ത്തിയാകാതെ പോയ ആഗ്രഹങ്ങളൊക്കെ സഫലമാക്കണം. ഇതിനെല്ലാം നല്ലമനസുകളുടെ സഹായത്തിലാണ് ഇവരുടെയൊക്കെ പ്രതീക്ഷ.