
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്നാവശ്യപ്പെട്ട് നഴ്സുമാരുടെ പ്രതിഷേധം. കേരള ഗവ. നഴ്സസ് യൂണിയന്‍ ആശുപത്രിക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് സൂചനാ സമരം നടത്തി. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് അസോസിയേഷൻ തീരുമാനം.
നാല് ജില്ലകളിലുള്ളവരുടെ ആശ്രയമായ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടായിരം നഴ്സിംഗ് ജീവനക്കാരാണ് ആകെ വേണ്ടതെന്നിരിക്കെ ഇപ്പോഴുള്ളത് അഞ്ഞൂറ് പേർ മാത്രമാണ്. വാർഡുകളില്‍ മൂന്ന് രോഗികൾക്ക് ഒരു നഴ്സ്, ഐസിയുവില്‍ ഒരു രോഗിക്ക് ഒരു നഴ്സ് എന്ന കണക്കില്‍ ജീവനക്കാർ വേണ്ടിടത്ത് ഇപ്പോൾ അറുപത് മുതല്‍ നൂറ് വരെ രോഗികൾക്ക് ഒരു നേഴ്സ് എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. കൊവിഡ് കാലത്ത് പ്രതിസന്ധി രൂക്ഷമായപ്പോൾ കൊവിഡ് ബ്രിഗേഡുകളെ നിയമിച്ചെങ്കിലും പിന്നീട് ഇവരെ പിരിച്ചുവിട്ടതോടെ പ്രതിസന്ധി കൂടി.
ആരോഗ്യമന്ത്രിക്കടക്കം പരാതിയും നിവേദനങ്ങളും നല്‍കിയിട്ടും അധികാരികൾ കണ്ണ് തുറക്കാത്ത സാഹചര്യത്തിലാണ് പകല്‍ മെഴുകുതിരി കത്തിച്ചുള്ള ജീവനക്കാരുടെ പ്രതിഷേധം. കേരള ഗവ. നഴ്സസ് യൂണിയന്‍റെ നേതൃത്വത്തിലാണ് സൂചനാ സമരം സംഘടിപ്പിച്ചത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളും മറ്റ് ജീവനക്കാരും സമാന പ്രതിസന്ധിയിലാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജീവനക്കാരൊന്നടങ്കം പണിമുടക്ക് സമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam