'കേസ് എൻഐഎ ഏറ്റെടുത്തത് സർക്കാർ ഇടപെടലിൽ'; താഹയുടേയും അലന്‍റേയും വീട്ടിലെത്തി ചെന്നിത്തല

By Web TeamFirst Published Jan 21, 2020, 8:47 AM IST
Highlights

എന്‍ഐഎയുടെ കൈയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലമാണ്. അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സര്‍ക്കാരിന്‍റെ കൈവശമുള്ളതെന്ന സര്‍ക്കാര്‍ വ്യക്തമാക്കണം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതിയായ താഹയുടെയും അലന്‍റേയും വീട്ടില്‍ രമേശ് ചെന്നിത്തല സന്ദർശനം നടത്തി. രാവിലെ എട്ട് മണിയോടെ താഹയുടെ വീട്ടിൽ എത്തിയ അദ്ദേഹം ബന്ധുക്കളെ കണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. പിന്നീട് അലന്‍റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ചെന്നിത്തലയുടെ സന്ദര്‍ശനം.

യുഎപിഎ കേസ് നിയമസഭയിൽ വീണ്ടും ഉന്നയിക്കുമെന്ന് ചെന്നിത്തല മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചു."യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ല. എന്നാല്‍ ഈ കേസ് എന്‍ഐഎയുടെ കൈയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലമാണ്. അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സര്‍ക്കാരിന്‍റെ കൈവശമുള്ളതെന്ന സര്‍ക്കാര്‍ വ്യക്തമാക്കണം. അമിത് ഷായും പിണറായിയും തമ്മിൽ വ്യത്യാസമൊന്നുമില്ല". ഈ വിഷയത്തിൽ യുഡിഎഫിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും  ചെന്നിത്തല വ്യക്തമാക്കി. താഹയ്ക്കും അലനും വേണ്ടി യുഡിഎഫ് ശക്തമായി ഇടപെടുമെന്നതിന്‍റെ സൂചനയാണ് പ്രതിപക്ഷ നേതാവിന്‍റെ സന്ദര്‍ശനം വ്യക്തമാക്കുന്നത്.  

"

അലൻ ഷുഹൈബ്, താഹ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നാണ് വിധി പറയുക. കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക. 7 ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസായിരുന്നു യുഎപിഎ നിയമപ്രകാരം അലൻ ഷുഹൈബിനും താഹക്കും എതിരെ ആദ്യം കേസെടുത്തത്. പിന്നീട് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

click me!