ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് കടത്ത് ഉന്നതരുടെ അറിവോടെ, മൂന്ന് ഉദ്യോഗസ്ഥരെ പ്രതിചേർത്തു

By Web TeamFirst Published Jul 1, 2021, 10:22 AM IST
Highlights

ജനറൽ മാനേജർ അലക്സ് പി എബ്രഹാം, പേഴ്സണൽ മാനേജർ ഷഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരുടെ അറിവോടെയായിരുന്നു സ്പിരിറ്റ് കടത്തെന്നാണ് അറസ്റ്റിലായവർ പറയുന്നത്.

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്തിൽ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കെന്ന് അറസ്റ്റിലായവരുടെ മൊഴി. ജനറൽ മാനേജർ അലക്സ് പി എബ്രഹാം, പേഴ്സണൽ മാനേജർ ഷഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരുടെ അറിവോടെയായിരുന്നു സ്പിരിറ്റ് കടത്തെന്നാണ് അറസ്റ്റിലായവർ പറയുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്ന് ഉദ്യോഗസ്ഥരെയും പ്രതിചേർത്തു. സ്പിരിറ്റ് വാങ്ങിയ മധ്യപ്രദേശ് ബൈടുൾ സ്വദേശി അബുവിനെയും പ്രതി പട്ടികയിലുൾപ്പെടുത്തി. ഇതോടെ ആകെ ഏഴ് പേരെയാണ് പ്രതി ചേർത്ത് എഫ്ഐആർ തയ്യാറാക്കിയത്.

നേരത്തെ ഫാക്ടറി ജീവനക്കാരൻ  അരുൺകുമാർ, ടാങ്കര്‍ ഡ്രൈവര്‍മാരായ സിജോ, നന്ദകുമാർ എന്നിവരെ  അറസ്റ്റ് ചെയ്തിരുന്നത്. 
മധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി. ഇതോടെ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

ജീവനക്കാരൻ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കർ ഡ്രൈവർമാരുടെ മൊഴി. അരുണിനെയും ഡ്രൈവർമാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോൾ ആണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശിൽ നിന്നും ടാങ്കറിൽ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അൻപത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വിൽക്കുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!