പത്തനംതിട്ട: സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ മകനും മരുമകളും ചേർന്ന് വൃദ്ധനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്വത്ത് തര്‍ക്കത്തിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. ഇരുവരെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. പത്തനംതിട്ട വലംഞ്ചുഴി സ്വദേശി റഷീദിനെയാണ് മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്. കമ്പ് ഉപയോഗിച്ച് അടിച്ച് നിലത്ത് ഇട്ട ശേഷം നഗ്നനാക്കി മർദ്ദിച്ചു. നാട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് റഷീദിനെ രക്ഷിച്ചത്. പിന്നാലെ റഷീദീന്‍റെ മകനെയും മരുമകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് വര്‍ഷം മുന്‍പ് വ്യാജ പ്രമാണം തയ്യാറാക്കി വൃദ്ധന്‍റെ സ്വത്ത് മകനും മരുമകളും ചേര്‍ന്ന് തട്ടിയെടുത്തു എന്ന് നാട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് അടൂര്‍ ആർഡിഒയ്ക്ക് റഷീദ് പരാതി നല്‍കിയതാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ റഷീദിന് വീട്ടില്‍ താമസിക്കാനും ഭക്ഷണം നല്‍കാനും തയ്യാറാണെന്ന് മകനും മരുമകളും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കാതെ കഴിഞ്ഞ കുറേ നാളുകളായി മര്‍ദ്ദനം തുടരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. റഷീദിനെ വൃദ്ധസദനത്തിലേക്ക് മാറ്റാന്‍ മകനും മരുമകളും ചേര്‍ന്ന് ശ്രമം നടത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്ത മകനെയും മരുമകളെയും ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തെ കുറിച്ച് പത്തനംതിട്ട എസ്പിയുടെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam