
തിരുവനന്തപുരം/ ചെന്നൈ: സംസ്ഥാനത്ത് പുതുതായി ഒമിക്രോൺ രോഗബാധ (Omicron Kerala) സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക (Contact Tracing List) തയ്യാറാക്കാൻ ആരോഗ്യവകുപ്പ് (Kerala Health Department). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തും എറണാകുളത്തും ജാഗ്രത കടുപ്പിക്കും. ഇന്നലെ നാല് പേർക്ക് കൂടിയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് (Health Minister Veena George) അറിയിച്ചു.
നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് രോഗബാധ. യുകെയിൽ നിന്ന് തിരുവനന്തപുരത്ത് വന്ന 22-കാരിയും, കോംഗോയിൽ നിന്ന് എറണാകുളത്തെത്തിയ 34-കാരനുമാണ് ഒമിക്രോൺ ബാധിതരായ മറ്റ് രണ്ട് പേർ.
50 മുതൽ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളിൽ ഒരാഴ്ച കൊണ്ട് മാത്രം കേസുകളുടെ വളർച്ച. ഒമിക്രോൺ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണവും പെട്ടെന്ന് കൂടുകയാണ്. കേരളത്തിലാകട്ടെ നിലവിൽ കൊവിഡ് കേസുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്ഥിതിയിലാണ്. വ്യാപനശേഷി കൂടിയ ഒമിക്രോൺ വകഭേദം എത്താനിടയായിൽ കേസുകൾ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക. പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും വലിയ ആശങ്കയായി തുടരുന്നു.
അതേസമയം, തമിഴ്നാട്ടിലും ആദ്യഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചു. നൈജീരിയയിൽ നിന്നും ദോഹ വഴി ചെന്നൈയിലെത്തിയ ആൾക്കാണ് രോഗം കണ്ടെത്തിയത്. ഒമിക്രോൺ കണ്ടെത്തിയ ആളുടെ ബന്ധുക്കളിൽ ആറു പേർക്കും കൊവിഡ് പൊസിറ്റീവാണ്. ഇവരെല്ലാം ചെന്നൈ കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച ആൾക്കൊപ്പം യാത്ര ചെയ്ത വ്യക്തിയ്ക്കും കൊവിഡ് പോസിറ്റീവ് ആണ്. ഇവരുടെ സ്രവം കൊവിഡ് വകഭേദം കണ്ടെത്തുന്നതിനായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം അറിയിച്ചു.