PG Doctors Strike : പിജി ഡോക്ടർമാർ എമർജൻസി ഡ്യൂട്ടികളിലേക്ക്, ഒപി ബഹിഷ്കരണം തുടരും

By Web TeamFirst Published Dec 16, 2021, 6:39 AM IST
Highlights

ആരോഗ്യമന്ത്രി വീണാ ജോർജുമായി സമരം തുടങ്ങിയ ശേഷം ഇന്നലെ നടത്തിയ രണ്ടാം ചർച്ചയും വിജയമായിരുന്നില്ല. സമരം ചെയ്യുന്ന പിജി ഡോക്ടർമാരുമായി ഇന്ന് ആരോഗ്യവകുപ്പിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറി ചർച്ച നടത്തും. പന്ത്രണ്ട് മണിക്കാണ് ചർച്ച. 

തിരുവനന്തപുരം: മന്ത്രിയുമായി നടത്തിയ ചർച്ചയിലെ പുരോഗതി കണക്കിലെടുത്ത് എമർജൻസി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കുമെന്ന് പിജി ഡോക്ടർമാരുടെ അസോസിയേഷൻ അറിയിച്ചു. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് അസോസിയേഷന്‍റെ തീരുമാനം. കാഷ്വാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ പിജി ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കും. അഞ്ച് ദിവസമാണ് എമർജൻസി ഡ്യൂട്ടികൾ ബഹിഷ്കരിച്ച് പിജി ഡോക്ടർമാർ സമരം ചെയ്തത്. ഇതിന് ശേഷമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് അവരെ രണ്ട് തവണയായി ചർച്ചയ്ക്ക് വിളിച്ചത്. 

ആരോഗ്യമന്ത്രി വീണാ ജോർജുമായി സമരം തുടങ്ങിയ ശേഷം ഇന്നലെ നടത്തിയ രണ്ടാം ചർച്ചയും വിജയമായിരുന്നില്ല. സമരം ചെയ്യുന്ന പിജി ഡോക്ടർമാരുമായി ഇന്ന് ആരോഗ്യവകുപ്പിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ചർച്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ചർച്ച. സ്റ്റൈപ്പൻഡ് വർധിപ്പിക്കണമെന്നും കൂടുതൽ നോൺ അക്കാദമിക്ക് റസിഡന്‍റ് ഡോക്ടർമാരെ നിയമിക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യങ്ങളിൽ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ തല ചർച്ച. ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലം വ്യക്തത നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം.

ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തങ്ങളുടെ പല ആവശ്യങ്ങളോടും വകുപ്പ് അനുകൂലമായാണ് പ്രതികരിച്ചതെന്ന് പിജി ഡോക്ടർമാരുടെ അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പിജി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സമരം അവസാനിപ്പിക്കുന്ന കാര്യം മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷം പറയാമെന്ന് സംഘടനാ പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചിരുന്നു. അസോസിയേഷനിൽ വിശദമായ ചർച്ച നടത്തിയ ശേഷമാണ് എമർജൻസി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കാൻ തീരുമാനമായത്.

റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റെസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതല്‍ എന്ന് അറിയാന്‍ ഒരു സമിതിയെ നിയോഗിക്കും. സംഘടനാ പ്രതിനിധികള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമിതി രൂപീകരിക്കും.

സ്റ്റൈപെന്‍ഡ് 4 ശതമാനം വര്‍ധനവിന് വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ട് തവണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയല്‍ അയച്ചിട്ടുണ്ട്. വീണ്ടും ധനകാര്യ വകുപ്പുമന്ത്രിയോട് സംസാരിക്കും.

ഒന്നാം വര്‍ഷ പിജി.പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് അവര്‍ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല - മന്ത്രി വ്യക്തമാക്കി. 

കൂടുതൽ നോൺ റസിഡന്‍റ് ജൂനിയർ ഡോക്ടർമാരെ നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്നും, കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അധികമായി നിയമിച്ച 249 എസ്ആര്‍മാരെ, അവര്‍ ആവശ്യപ്പെട്ടാല്‍ ഇവരെ ഒഴിവാക്കി അത്രയും തുകയ്ക്ക് കൂടുതല്‍ എന്‍എജെആര്‍മാരെ നിയമിക്കുന്ന കാര്യം പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.

click me!